ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ കടന്നിരുന്നു. ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തകർത്തായിരുന്നു ചെന്നൈയുടെ ഫൈനൽ പ്രവേശനം. ഫൈനൽ ഉറപ്പിച്ചതോടൊപ്പം തന്നെ മറ്റൊരു റെക്കോർഡ് കൂടി ഇന്നലത്തെ മത്സരത്തിൽ പിറന്നു. ചെന്നൈ സൂപ്പർ കിങ്സ് സ്പിൻ ബോളർ ഹർഭജൻ സിങ് ഐപിഎല്ലിൽ 150 വിക്കറ്റ് തികച്ചു. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം താരമാണ് ഹർഭജൻ സിങ്.

ഐപിഎല്ലിൽ 150 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍കൂടിയാണ് ഹര്‍ഭജന്‍ സിങ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റുഥര്‍ഫോര്‍ഡിനെ പുറത്താക്കിയാണ് ചെന്നൈയുടെ ഹർഭജൻ സിങ് 150 വിക്കറ്റ് തികച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ശിഖർ ധവാനെയും ഹർഭജൻ പുറത്താക്കിയിരുന്നു. ഈ സീസണിൽ പത്ത് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റാണ് ഹർഭജന്റെ സമ്പാദ്യം. വിക്കറ്റ് വേട്ടക്കാരിലും ആദ്യ പത്തിൽ ഹർഭജൻ സിങും ഇടംപിടിച്ചിട്ടുണ്ട്.

Also Read: IPL 2019, Qualifier 2-CSKvsDC: ഡൽഹിയെ വീഴ്ത്തി ചെന്നൈ തുടർച്ചയായ രണ്ടാം ഫൈനലിന്; തലയുയർത്തി മടങ്ങി ക്യാപിറ്റൽസ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഹർഭജൻ സിങ്. 169 വിക്കറ്റുകളുള്ള മുംബൈയുടെ ശ്രീലങ്കൻ പേസർ ലസിത് മലിംഗയാണ് മുന്നിൽ. 121 മത്സരങ്ങളിൽ നിന്നാണ് മലിംഗ 169 വിക്കറ്റ് സ്വന്തമാക്കിയത്. നിലവിൽ ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്രയാണ് രണ്ടാം സ്ഥാനത്ത്. 157 വിക്കറ്റാണ് അമിത് മിശ്രയുടെ പേരിലുള്ളത്. പിയൂഷ് ചൗളയ്ക്കും 150 വിക്കറ്റ് ഉണ്ടെങ്കിലും രൺസ് വഴങ്ങുന്നതിൽ ചൗള മുന്നിലാണ്.

രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ആദ്യ ഇന്നിങ്സിലെ കൃത്യതയാർന്ന ബോളിങ്ങും മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരുടെ വെടിക്കെട്ട് പ്രകടനവുമാണ് ചെന്നൈ ജയം അനായാസമാക്കിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നൂറാം ജയം കൂടിയാണ് ധോണിയും സംഘവും വിശാഖപട്ടണത്ത് കുറിച്ചത്.

ചെന്നൈയ്ക്ക് വേണ്ടി ദീപക ചാഹർ, ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇമ്രാൻ താഹിറിന് ഒരു വിക്കറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook