ഐപിഎൽ 12-ാം സീസണിൽ ആദ്യ സെഞ്ചുറി നേടി രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 55 ബോളിൽനിന്നും 102 റൺസുമായാണ് 24 കാരനായ സഞ്ജു കളം വിട്ടത്. ഐപിഎൽ കരിയറിലെ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്.

Read: ഭുവിയെ തല്ലി ചതച്ച് സഞ്ജു; ഒരോവറില്‍ നേടിയത് 24 റണ്‍സ്, വീഡിയോ കാണാം

സഞ്ജുവിന്റെ ബാറ്റിങ് മികവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. ”ക്രിക്കറ്റിൽ വ്യക്തിപരമായി ആരെയും പ്രശംസിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ സഞ്ജുവിന്റെ കഴിവ് കാണുമ്പോൾ ഞാനിത് പറയുന്നതിൽ സന്തോഷവാനാണ്, ഇന്ത്യയിൽ നിലവിലെ മികച്ച വിക്കറ്റ്കീപ്പറാണ് സഞ്ജു സാംസൺ. ലോകകപ്പിൽ സഞ്ജുവിനെ നാലാമനായി ഉൾപ്പെടുത്തണമെന്നാണ് ഞാൻ പറയുന്നത്,” ഇതായിരുന്നു ഗംഭീർ ട്വീറ്റ് ചെയ്തത്.

സഞ്ജുവിനെ മികച്ച വിക്കറ്റ് കീപ്പറാണെന്നും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്നും പറഞ്ഞത് എം.എസ്.ധോണി ആരാധകരെ ചൊടിപ്പിച്ചു. ധോണിയെ എപ്പോഴും കുറ്റപ്പെടുത്തുക മാത്രമാണ് ഗംഭീർ ചെയ്തിട്ടുളളതെന്നും ലോകത്തിലെ തന്നെ മികച്ച വിക്കറ്റ് കീപ്പറായാണ് ധോണി അറിയപ്പെടുന്നതെന്നും ധോണി ആരാധകർ ഗംഭീറിന് മറുപടി കൊടുത്തു. നിരവധി പേരാണ് ഗംഭീറിന്റെ പരാമർശത്തെ വിമർശിച്ച് ട്വീറ്റ് ചെയ്തത്.

അതേസമയം, സഞ്ജുവിന്റെ സെഞ്ചുറി നേട്ടത്തിലും രാജസ്ഥാൻ റോയൽസിന് ജയിക്കാനായില്ല. അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് കളി ജയിച്ചത്. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ഡേവിഡ് വാര്‍ണറുടേയും ജോണി ബെയര്‍സ്‌റ്റോയുടേയും കൂട്ടുകെട്ടാണ് ഹൈദരാബാദിന് ജയം അനായാസമാക്കി കൊടുത്തത്. വാര്‍ണര്‍ 37 പന്തില്‍ 69 റണ്‍സും ബെയര്‍‌സ്റ്റോ 28 പന്തില്‍ 45 റണ്‍സും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook