ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ വിരാട് കോഹ്‌ലിയെ ഇപ്പോഴും ആ സ്ഥാനത്ത് നിലനിര്‍ത്തുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും.

ഗംഭീറിന്റെ നിലപാടിന് വിപരീതമായിരുന്നു ഗാംഗുലിയുടെ അഭിപ്രായം. റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കാനുള്ള എല്ലാ അവകാശവും കോഹ്‌ലിക്കുണ്ടെന്നായിരുന്നു ദാദയുടെ പ്രതികരണം. ടീമിന്റെ തലവര കോഹ്‌ലി മാറ്റിയെഴുതുമെന്നും ദാദ പറഞ്ഞു.

Read: ഐപിഎൽ 2019: തലമുറകൾ ഒന്നിക്കുമ്പോൾ കന്നി കിരീടത്തിനായി ക്യാപിറ്റൽസ്

”കോഹ്‌ലിയെ ക്യാപ്റ്റനായി നിലനിര്‍ത്തുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം ചെയ്തത് എന്തൊക്കെയാണെന്ന് നോക്കണം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ച ബാറ്റ്‌സ്മാനാണ്. യഥാര്‍ത്ഥ ചാമ്പ്യന്‍. എത്രകാലം വേണമെങ്കിലും ആര്‍സിബിയുടെ ക്യാപ്റ്റനാകാം. അവരുടെ തലവര അവന്‍ മാറ്റിയെഴുതുമെന്ന് എനിക്കുറപ്പാണ്” ഗാംഗുലി പറയുന്നു.

മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ചെന്നൈയുടെ നായകന്‍ ധോണിയോടും മുംബൈയുടെ നായകന്‍ രോഹിത് ശര്‍മ്മയോടും കോഹ്‌ലിയെ താരതമ്യം ചെയ്യരുതെന്നും ഗംഭീര്‍ തുറന്നടിച്ചിരുന്നു.

Read: ഐപിഎൽ 2019: റോയലാകാൻ ജയ്‌പൂരിന്റെ പിങ്ക് രാജാക്കന്മാർ; കിരീട പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസ്

”ഇപ്പോഴും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. തന്ത്രജ്ഞനായ ഒരു ക്യാപ്റ്റനായി കോഹ്‌ലിയെ എനിക്ക് തോന്നിയിട്ടില്ല. ഐപിഎല്‍ ജയിച്ചിട്ടില്ല. ഐപിഎല്‍ ജയിക്കുന്നത് വരെ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള റെക്കോര്‍ഡ് നല്ലതല്ല. മൂന്ന് തവണ കപ്പ് നേടിയവരുണ്ട്, ധോണിയും രോഹിത്തും. അതുകൊണ്ട് അവന് ഇനിയും ഒരുപാട് പോകാനുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈയൊരു ഘട്ടത്തില്‍ ധോണിയോടും രോഹിത്തിനോടും താരതമ്യം ചെയ്യുന്നത് ശരിയല്ല” ഗംഭീര്‍ പറഞ്ഞു.

”കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി റോയല്‍ ചലഞ്ചേഴ്സ് അവനെ ക്യാപ്റ്റനായി നിലനിര്‍ത്തുന്നത് തന്നെ ഭാഗ്യമായി വേണം കരുതാന്‍. കാരണം, ഒരു കപ്പ് പോലും നേടാനാകാതെ വന്നിട്ടും ഇത്രയും അവസരം ലഭിച്ച മറ്റൊരു നായകനുണ്ടാകില്ല” ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിലെ പരിപാടിയിലായിരുന്നു ഗംഭീറിന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook