ചെന്നൈ: ഐപിഎല്‍ 12-ാം പതിപ്പിന്റെ ഫൈനല്‍ വേദി ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചു. മെയ് 12 നാണ് ഫൈനല്‍ അരങ്ങേറുക. അടച്ചിട്ടിരിക്കുന്ന മൂന്ന് സ്റ്റാന്‍ഡുകള്‍ തുറക്കാനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും ലഭിക്കാതെ വന്നതോടെയാണ് വേദി മാറ്റിയത്.

അതേസമയം, ഒരു ക്വാളിഫയര്‍ നടക്കുക ചെന്നൈയിലായിരിക്കും. നിലവിലെ ചാമ്പ്യന്മാരെന്ന പരിഗണനയിലാണ് ഒരു മത്സരത്തിനുള്ള വേദി ചെന്നൈയായി നിശ്ചയിച്ചത്. എലിമിനേറ്ററും രണ്ടാം ക്വാളിഫയരും ഹൈദരാബാദില്‍ തന്നെ നടക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഈ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിശാഖപട്ടണത്തില്‍ നിന്നും വേദി ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.

കൂടാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാനും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് സാധിച്ചിട്ടില്ല. ഇതോടെയാണ് വേദി ചെന്നൈയില്‍നിന്നും ഹൈദരാബാദിലേക്ക് മാറ്റിയത്. ഇത് മുന്‍കൂട്ടി കണ്ട് ഹൈദരാബാദിനെ നേരത്തെ തന്നെ സ്റ്റാന്‍ഡ് ബൈ നിര്‍ത്തിയിരുന്നു.

പ്ലേ ഓഫിനിടെ നടക്കുന്ന വനിതകളുടെ മത്സരങ്ങള്‍ ജയ്പൂരിലായിരിക്കും നടക്കുക. ഇത്തവണ മൂന്ന് ടീമുകള്‍ ഉണ്ടെന്നതാണ് സവിശേഷത. ട്രെയില്‍ബ്ലേസേര്‍സ്, സൂപ്പര്‍നോവാസ് എന്നീ ടീമുകള്‍ക്കൊപ്പം വെലോസിറ്റി എന്ന ടീമും കളിക്കിറങ്ങും. മെയ് ആറ് മുതല്‍ 10 വരെയാണ് വനിതകളുടെ മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook