ഹൈദരാബാദ്: ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഐപിഎല്‍ സീസണുകളിലൊന്നിനാണ് കലാശ കൊട്ടുയരുന്നത്. ലീഗ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ക്ക് അര്‍ഹിക്കുന്നൊരു ഫൈനലിനു തന്നെയാണ് ഹൈദരാബാദില്‍ അരങ്ങുണരുന്നത്. ലീഗിലെ ഏക്കാലത്തേയും ഏറ്റവും കരുത്തരായ രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും.

ഇന്ത്യയുടെ ഏക്കാലത്തേയും മികച്ച നായകന്മാരിലൊരാളായ എംഎസ് ധോണിയാണ് ചെന്നൈയെ നയിക്കുന്നത്. കണക്കുകളില്‍ വലിയ വിശ്വാസമൊന്നുമില്ലാത്ത ആളാണ് ധോണി. തന്റെ മനസാണ് ധോണിയുടെ പുസ്തകം. സാഹചര്യം എന്ത് ആവശ്യപ്പെടുന്നോ അതനുസരിച്ചായിരിക്കും ധോണി തന്ത്രം മെനയുക. പതിവു പോലെ ഈ സീസണിലും ചെന്നൈയെ ധോണി മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.

ഐപിഎല്‍ ആരംഭിക്കുന്നത് മുമ്പ് വരെ ധോണിയുടെ ബാറ്റിങിനെ ചൊല്ലി ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ മികച്ച പ്രകടനങ്ങളിലൂടെ ധോണി വിമര്‍ശകരുടെ വായയടപ്പിച്ചു. 414 റണ്‍സാണ് ധോണി നേടിയത്. ഒരു സീസണില്‍ ധോണിയുടെ ഏറ്റവും മികച്ച ടോട്ടലാണിത്.

ഈ സീസണില്‍ ധോണിയുടെ ആവറേജ് 103.50 ആണ്. 48 റണ്‍സ് കൂടി താരത്തിന് നേടാനായാല്‍ അത് പുതിയൊരു ചരിത്രമായി മാറും. കൂടാതെ 86 റണ്‍സ് കൂടെ ഇന്ന് നേടാനായാല്‍ ധോണിയ്ക്ക് ആദ്യമായി ഐപിഎല്ലില്‍ 500 റണ്‍സ് കടക്കാനാകും.

ധോണിയെ തേടിയിരിക്കുന്ന മറ്റൊരു നേട്ടം ലീഗിലെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന നേട്ടാണ്. ഇതിനായി വേണ്ടത് നാല് സിക്‌സുകള്‍ മാത്രമാണ്. പിന്നിലാവുക ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്‌സാണ്. വിക്കറ്റ് കീപ്പിങ്ങിലും ധോണിയെ കാത്തൊരു റെക്കോര്‍ഡുണ്ട്. രണ്ട് പേരെ കൂടെ പുറത്താക്കാന്‍ സാധിച്ചാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറായി ധോണി മാറും. നിലവില്‍ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.

ഐപിഎല്ലില്‍ ഇത് മൂന്നാം തവണയാണ് ചെന്നൈയും മുംബൈയും മുഖാമുഖം വരുന്നത്. രണ്ട് തവണയും മുംബൈയ്ക്കായിരുന്നു ജയം. ഈ സീസണില്‍ ഇത് നാലാം തവണയാണ് ഇരുവരും ഇരുവരും ഏറ്റുമുട്ടുന്നത്. മൂന്നിലും ജയിച്ചത് മുംബൈയായിരുന്നു. ഹൈദരാബാദിലെ പേസിന് അനുകൂലമായ പിച്ച് മുംബൈയുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നതുമാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook