scorecardresearch

‘ഐപിഎല്‍ ക്ലാസിക്കോ’യില്‍ ലാസ്റ്റ് ബോള്‍ ത്രില്ലർ; മുംബെെയ്ക്ക് നാലാം കിരീടം

IPL 2019 Final: അവസാന പന്തില്‍ ചെന്നെെയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ സ്ലോ ബോളില്‍ ശാർദുല്‍ ഠാക്കൂർ പുറത്തായതോടെ ഒരു റണ്‍സിന് മുംബെെ ജയിക്കുകയായിരുന്നു.

‘ഐപിഎല്‍ ക്ലാസിക്കോ’യില്‍ ലാസ്റ്റ് ബോള്‍ ത്രില്ലർ; മുംബെെയ്ക്ക് നാലാം കിരീടം

IPL 2019 Final: തുടർച്ചയായ രണ്ടാം ഐപിഎല്‍ കിരീടമെന്ന നേട്ടം രണ്ടാം വട്ടവും സ്വന്തമാക്കാനിറങ്ങിയ ചെന്നെെയ്ക്ക് അവസാന ഓവറില്‍ കാലിടറി. അവസാന പന്തില്‍ ചെന്നെെയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ സ്ലോ ബോളില്‍ ശാർദുല്‍ ഠാക്കൂർ പുറത്തായതോടെ ഒരു റണ്‍സിന് മുംബെെ ജയിക്കുകയായിരുന്നു. മുംബെെയുടെ നാലാം ഐപിഎല്‍ കിരീടമാണിത്. സീസണില്‍ ചെന്നെെയ്ക്കെതിരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മുംബെെ കപ്പുയർത്തിയത്.

ഡുപ്ലെസിസും വാട്‌സണും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. ഡുപ്ലെസിസ് 26 റണ്‍സ് നേടി പുറത്തായതോടെ കഴിഞ്ഞ ഫൈനലിനെ അനുസ്മരിപ്പിക്കും വിധം വാട്‌സണ്‍ ആക്രമണ ചുമതല ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ വന്ന സുരേഷ് റെയ്‌നയും അമ്പട്ടി റായിഡുവും നായകന്‍ ധോണിയും രണ്ടക്കം കാണാതെ മടങ്ങിയപ്പോഴും വാട്‌സണ്‍ യാതൊരു കൂസലുമില്ലാതെ ഉറച്ചു നിന്നു.59 പന്തില്‍ 80 റണ്‍സാണ് വാട്സണ്‍ നേടിയത്. ഇതില്‍ എട്ട് ഫോറും നാല് സിക്സുമുള്‍പ്പെടും. അവസാന ഓവറിലാണ് വാട്സണ്‍ പുറത്താകുന്നത്.

സുരേഷ് റെയ്‌ന എട്ട് റണ്‍സും റായിഡു ഒരു റണും ധോണി രണ്ട് റണ്‍സുമാണ് നേടിയത്. വാട്‌സണിന് മികച്ച പിന്തുണ നല്‍കിയ ബ്രാവോ 15 റണ്‍സുമായി പുറത്തായി. മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ്. ക്രുണാല്‍ പാണ്ഡ്യയും രാഹുല്‍ ചാഹറും ഓരോ വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് അവസരങ്ങള്‍ പലവട്ടം ലഭിച്ചെങ്കിലും ഫീല്‍ഡിങ്ങിലെ പിഴവ് മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ബുംറ എറിഞ്ഞ 19-ാം ഓവറാണ് കളിയുടെ ഗതി മുംബെെയ്ക്ക് അനുകൂലമാക്കിയത്.

കിറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സുമായാണ് മുംബൈ കലാശപ്പോരിലെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഓപ്പണര്‍ ഡികോക്കും നായകന്‍ രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഭേദപ്പെട്ടൊരു തുടക്കം നല്‍കിയെങ്കിലും രോഹിത് പുറത്തായതിന് പിന്നാലെ മുംബൈയുടെ നില തെറ്റുകയായിരുന്നു. രോഹിത് 15 റണ്‍സെടുത്ത് പുറത്തായി. അപ്പോഴും ആക്രമ ബാറ്റിങ് പുറത്തെടുത്ത് ഡികോക്ക് മറുവശത്തുണ്ടായിരുന്നു. എന്നാല്‍ 29 റണ്‍സുമായി ഡികോക്ക് പുറത്തായി. ഇതോടെ കളിയുടെ നിയന്ത്രണം ചെന്നൈയുടെ കരങ്ങളിലെത്തി.


സൂര്യകുമാര്‍ യാദവ് 15 റണ്‍സും ഇഷാന്‍ കിഷന്‍ 23 റണ്‍സുമായി പുറത്തായി. ക്രുണാല്‍ പാണ്ഡ്യ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ പൊള്ളാര്‍ഡ് ചെന്നൈയെ കടന്നാക്രമിക്കുകയായിരുന്നു. 25 പന്തില്‍ 41 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. മൂന്ന് സിക്‌സും മൂന്ന് ഫോറും പൊള്ളാര്‍ഡ് അടിച്ചെടുത്തു.

ഹാര്‍ദ്ദിക് പാണ്ഡ്യ 16 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍, മിച്ചല്‍ മക്‌ക്ലെനഗനും സംപൂജ്യരായി മടങ്ങി. ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ്. ശാര്‍ദുല്‍ ഠാക്കൂറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബുംറയാണ് കളിയിലെ താരം. കൊല്‍ക്കത്തയുടെ ശുബ്മാന്‍ ഗില്ലാണ് എമേർജിങ് പ്ലെയർ. ഡേവിഡ് വാർണർ ഓറഞ്ച് ക്യാപ്പും ഇമ്രാന്‍ താഹിർ പർപ്പിള്‍ ക്യാപ്പും നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2019 final live score streaming mi vs csk live cricket score online