ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്ന് ജയിക്കുന്നവർ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ട് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുമ്പോൾ ഡൽഹി ക്യാപിറ്റൽസിന്റെ ലക്ഷ്യം കന്നി ഫൈനലാണ്. രാത്രി 7.30ന് വിശാഖപട്ടണത്താണ് മത്സരം. ]

അടിമുടി മാറ്റവുമായി പുതിയ സീസൺ കളിക്കാനെത്തിയ ഡൽഹി ക്യാപിറ്റൽസ് ഒടുവിൽ പ്ലേ ഓഫ് യോഗ്യതയും നേടി. ചെന്നൈയ്ക്ക് പിന്നാലെ പ്ലേ ഓഫ് ഉറപ്പിച്ച രണ്ടാമത്തെ ടീം ഡൽഹി ക്യാപിറ്റൽസായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയം തന്നെയാണ് ഡൽഹി ക്യാപിറ്റൽസിനും ഉള്ളത്, 18 പോയിന്റും. പോയിന്റ് പട്ടികയിൽ മൂന്നമതായിട്ടയിരുന്നു ഡൽഹി പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ റണ്ണർ അപ്പുകളായി പന്ത്രണ്ടാം പതിപ്പിലെത്തിയ സൺറൈസേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ഇടയ്ക്ക് പിന്നിലേക്ക് പോയ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത അവസാനിപ്പിച്ചിരുന്നില്ല. എന്നാൽ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഏറ്റ തോൽവി ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്ഥാനത്താക്കി. അതിനാൽ തന്നെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരം വരെ അവർക്ക് കാത്തിരിക്കേണ്ടിയും വന്നു. നാലാം സ്ഥാനക്കരായാണ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനം.

Also Read: IPL 2019, CSK vs MI: ചെന്നൈ വീണു; മുംബൈ ഫൈനലിൽ

പ്ലേ ഓഫിലേക്ക് എത്തുമ്പോൾ രണ്ട് ടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി സൂപ്പർ താരങ്ങളുടെ അഭാവമാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. ലോകകപ്പ് മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായാണ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയും നാട്ടിലേക്ക് പോയത്. ഐപിഎൽ പന്ത്രണ്ടാം പതിപ്പിലെ റൺവേട്ടക്കാരിൽ മുന്നിലുള്ള താരമാണ് ഡേവിഡ് വാർണർ.

ഡൽഹി ക്യാപിറ്റൽസിനും സമാനസ്ഥിതിയാണ്. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള കഗിസോ റബാഡ നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. പരിക്കിനെ തുടർന്ന് കഗിസ റബാഡയോട് വിശ്രമിക്കാൻ ദക്ഷിണാഫ്രിക്കാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുകയായിരുന്നു.

ബാറ്റിങ്ങിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന പ്രതീക്ഷ. ശിഖർ ധവാൻ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരടങ്ങുന്ന ബാറ്റിങ് നിര ടൂർണമെന്റിൽ കരുത്ത് കാട്ടി കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസ് നേടിയ 12 അർധസെഞ്ചുറികളിൽ 11ഉം മൂവർ സംഘത്തിന്റെ ബാറ്റിൽ നിന്നായിരുന്നു. ബോളിങ്ങാണ് ഹൈദരാബാദിന്റെ കരുത്ത്. റാഷിദ് ഖാൻ നയിക്കുന്ന ബോളിങ് നിര അവസരത്തിനൊത്ത് ഉയർന്നാൽ ബാറ്റിങ്ങിലെ പോരായ്മ നികത്താൻ സാധിക്കും. മനീഷ് പാണ്ഡെയുടെ മിന്നും ഫോം ഹൈദരാബാദിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook