IPL 2019, DC vs SRH:  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് രണ്ട് വിക്കറ്റ് വിജയം. അവസാന ഓവറുകളിൽ ഋഷഭ് പന്ത് ഡൽഹിക്കായി തകർത്തടിച്ചപ്പോൾ സൺറെെസേഴ്സിന്റെ എല്ലാ മോഹങ്ങളും പൊലിഞ്ഞു. സൺറെെസേഴ്സിനെ വീഴ്ത്തിയ ഡൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ ചെന്നെെ സൂപ്പർ കിങ്സിനെ നേരിടും.

ആദ്യം ബാറ്റ് ചെയ്ത സൺറെെസേഴ്സ് ഹെെദരബാദ് 163 റൺസ് എന്ന വിജയലക്ഷ്യമാണ് ഡൽഹിക്ക് വച്ചുനീട്ടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ക്രീസിലെത്തി മനോഹരമായി ബാറ്റ് വീശിയ ഡൽഹിയുടെ ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ആദ്യ വിക്കറ്റിൽ 66 റൺസ് നേടിയത് ഡൽഹിക്ക് തുണയായി. 38 പന്തിൽ നിന്ന് ആറ് ഫോറുകളും രണ്ട് സിക്സറുകളും പറത്തിയ പൃഥ്വി ഷാ 56 റൺസുമായി ഡൽഹിയുടെ ടോപ് സ്കോററായി. എന്നാൽ, 17 റൺസെടുത്ത് ശിഖർ ധവാൻ പുറത്താകുകയായിരുന്നു.

പിന്നീടങ്ങോട്ട് നിശ്ചിത ഇടവേളകളിൽ ഡൽഹിക്ക് വിക്കറ്റുകൾ നഷ്ടമായി. ഒരറ്റത്ത് പൃഥ്വി ഷാ സ്കോർ ഉയർത്തുകയും ചെയ്തു. ടീം ടോട്ടൽ 87 ൽ നിൽക്കെ പൃഥ്വി ഷാ കൂടി മടങ്ങിയതോടെ ഡൽഹി പ്രതിരോധത്തിലാകുകയായിരുന്നു. പിന്നീട് അവസാന ഓവറിൽ ഋഷഭ് പന്ത് തകർത്തടിച്ചതോടെ കളി വീണ്ടും ഡൽഹിയുടെ വരുതിയിലായി. ഡൽഹി അനായാസം വിജയിക്കുമെന്ന് തോന്നിയ സമയത്ത് പന്തിന്റെ വിക്കറ്റും നഷ്ടമായി. ഇതോടെ കളി അവസാന ഓവറിലേക്ക് നീങ്ങി. അഞ്ച് സിക്സറുകളും രണ്ട് ഫോറുകളും അടക്കം 21 പന്തിൽ നിന്ന് 49 റൺസ് നേടിയാണ് പന്ത് പുറത്തായത്. അവസാന ഓവറിൽ ഒരു പന്ത് മാത്രം ശേഷിക്കെയായിരുന്നു ഒടുവിൽ ഡൽഹിക്ക് വിജയിക്കാനായത്. സൺറെെസേഴ്സിനായി ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, റാഷിദ് ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാറ്റിങ്നിരയുടെ കൃത്യമായ പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനായി ഇന്നിങ്സ് ഓപ്പൻ ചെയ്തത് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും കിവീസ് താരം മാർട്ടിൻ ഗുപ്റ്റിലുമായിരുന്നു. അത്ര മികച്ചതായിരുന്നില്ല ഹൈദരാബാദിന്റെ തുടക്കം. ടീം സ്കോർ 31ൽ എത്തിയപ്പോൾ തന്നെ സാഹ മടങ്ങി. എട്ട് റൺസെടുത്ത വൃദ്ധിമാൻ സാഹയെ നായകൻ ശ്രേയസ് അയ്യരുടെ കൈകളിൽ എത്തിച്ച് ഇഷാന്ത് ശർമ്മയുടെ വക ആദ്യ പ്രഹരം.

മാർട്ടിൻ ഗുപ്റ്റിൽ തകർത്തടിച്ചെങ്കലും ക്രീസിലെ ആയുസ് അധികം നീണ്ടില്ല. 36 റൺസുമായി മാർട്ടിൻ ഗുപ്‌റ്റിലും മടങ്ങി. 19 പന്തിൽ നാല് സിക്സും ഒരു ഫോറും പായിച്ച് 36 റൺസെടുത്ത ഗുപ്റ്റിലിനെ അമിത് മിശ്രയാണ് പുറത്താക്കിയത്. 189.47 പ്രഹരശേഷിയിലായിരുന്നു മാർട്ടിൻ ഗുപ്റ്റിലിന്റെ ബാറ്റിങ്.

ടൂർണമെന്റിൽ മികച്ച ഫോമിൽ തുടരുന്ന മനീഷ് പാണ്ഡെ പൊരുതി നോക്കിയെങ്കിലും, രക്ഷയുണ്ടായില്ല. 36 പന്തിൽ 30റൺസ് മാത്രമാണ് മനീഷ് പാണ്ഡെയ്ക്ക് നേടാനായത്. തകർപ്പൻ ബാറ്റിങ്ങിലേക്ക് കടക്കുന്നതിന് മുമ്പ് കീമോ പോളിന്റെ പന്ത് ഉയർത്തിയടിച്ച മനീഷ് പാണ്ഡെയെ റുഥർഫോർഡ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് റൺറേറ്റ് പിടിച്ചുകെട്ടാൻ ഹൈദരാബാദ് ബോളർമാർക്കായി.

നായകൻ കെയ്ൻ വില്ല്യംസണിന്റെ ഇന്നിങ്സും വേഗം അവസാനിച്ചതോടെ. 27 പന്ത് നേരിട്ട വില്ല്യംസൺ 28 റൺസുമായാണ് പുറത്തായത്. ഇഷാന്ത് ശർമ്മയാണ് വില്ല്യംസണിനെയും മടക്കിയത്. ഹൈദരാബാദിന് വലിയ സ്കോറിലേക്കുള്ള വാതിൽ അടഞ്ഞു എന്ന് കരുതിയടുത്താണ് വിജയ് ശങ്കർ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 227.27 പ്രഹരശേഷിയിൽ ബാറ്റ് വീശിയ വിജയ് ശങ്കർ 11 പന്തിൽ 25 റൺസ് ടീം സ്കോറിൽ കൂട്ടിച്ചേർത്ത് പുറത്താവുകയായിരുന്നു. ട്രെന്റ് ബോൾട്ടിനാണ് വിക്കറ്റ് ലഭിച്ചത്.

അവസാന ഓവറിൽ മുഹമ്മദ് നബിയും ദീപക് ഹൂഡയും റാഷിദ് ഖാനും അടുത്തടുത്ത പന്തിൽ പുറത്തായെങ്കിലും 162 റൺസെന്ന സ്കോറിലേക്ക് ഹൈദരാബാദ് എത്തുകയായിരുന്നു.

ഡൽഹിക്ക് വേണ്ടി കീമോ പോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമ്മ രണ്ടും ട്രെന്റ് ബോൾട്ട് അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടിയ ഡൽഹി നായകൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook