IPL 2019, DC vs SRH: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ എലിമിനേറ്ററിൽ ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും നേർക്കുനേർ. മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി നായകൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുകയും ചെയ്യും.

മലയാളി താരം ബേസിൽ തമ്പി ഇന്നും ഹൈദരാബാദിന് വേണ്ടി കളിക്കുന്നുണ്ട്. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ട് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുമ്പോൾ ഡൽഹി ക്യാപിറ്റൽസിന്റെ ലക്ഷ്യം കന്നി ഫൈനലാണ്.

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് XI: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കോളിൻ മുൻറോ, റുഥർഫോഡ്, അക്സർ പട്ടേൽ, കീമോ പോൾ, അമിത് മിശ്ര, ഇഷാന്ത് ശർമ്മ, ട്രെന്റ് ബോൾട്ട്.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് XI: വൃദ്ധിമാൻ സാഹ, മാർട്ടിൻ ഗുപ്റ്റിൽ, മനീഷ് പാണ്ഡെ, കെയ്ൻ വില്ല്യംസൺ, വിജയ് ശങ്കർ, ദീപക് ഹൂഡ, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ബേസിൽ തമ്പി.

അടിമുടി മാറ്റവുമായി പുതിയ സീസൺ കളിക്കാനെത്തിയ ഡൽഹി ക്യാപിറ്റൽസ് ഒടുവിൽ പ്ലേ ഓഫ് യോഗ്യതയും നേടി. ചെന്നൈയ്ക്ക് പിന്നാലെ പ്ലേ ഓഫ് ഉറപ്പിച്ച രണ്ടാമത്തെ ടീം ഡൽഹി ക്യാപിറ്റൽസായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയം തന്നെയാണ് ഡൽഹി ക്യാപിറ്റൽസിനും ഉള്ളത്, 18 പോയിന്റും. പോയിന്റ് പട്ടികയിൽ മൂന്നമതായിട്ടയിരുന്നു ഡൽഹി പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. നായകൻ ശ്രേയസ് അയ്യരുടെ 100 ടി20 മത്സരം എന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ സീസണിൽ റണ്ണർ അപ്പുകളായി പന്ത്രണ്ടാം പതിപ്പിലെത്തിയ സൺറൈസേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ഇടയ്ക്ക് പിന്നിലേക്ക് പോയ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത അവസാനിപ്പിച്ചിരുന്നില്ല. എന്നാൽ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഏറ്റ തോൽവി ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്ഥാനത്താക്കി. അതിനാൽ തന്നെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരം വരെ അവർക്ക് കാത്തിരിക്കേണ്ടിയും വന്നു. നാലാം സ്ഥാനക്കരായാണ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനം.

പ്ലേ ഓഫിലേക്ക് എത്തുമ്പോൾ രണ്ട് ടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി സൂപ്പർ താരങ്ങളുടെ അഭാവമാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. ലോകകപ്പ് മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായാണ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയും നാട്ടിലേക്ക് പോയത്. ഐപിഎൽ പന്ത്രണ്ടാം പതിപ്പിലെ റൺവേട്ടക്കാരിൽ മുന്നിലുള്ള താരമാണ് ഡേവിഡ് വാർണർ.

Also Read: Womens T20 Challenge 2019: മന്ദാനയുടെ ട്രെയിൽബ്ലേസേഴ്സിനെ വീഴ്ത്തി മിതാലിയുടെ വെലോസിറ്റി

ഡൽഹി ക്യാപിറ്റൽസിനും സമാനസ്ഥിതിയാണ്. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള കഗിസോ റബാഡ നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. പരിക്കിനെ തുടർന്ന് കഗിസ റബാഡയോട് വിശ്രമിക്കാൻ ദക്ഷിണാഫ്രിക്കാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook