ഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിവിനെതിരെ 16 റണ്‍സിന്റെ വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 188 റണ്‍സിന്റ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 171 റണ്‍സുമായാണ് കളി അവസാനിച്ചത്. ഓപ്പണര്‍മാരായ പാര്‍ത്ഥീവ് പട്ടേലും വിരാട് കോഹ്ലിയും നല്ല തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ ടീമിനായില്ല.

മധ്യനിരയില്‍ ശിവം ദൂബെയും ഗുര്‍കീരത്തും മാര്‍ക്കസ് സ്‌റ്റോയ്‌നിസും തിളങ്ങിയെങ്കിലും ആ പ്രകടനങ്ങള്‍ക്ക് ബെംഗളൂരുവിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 39 റണ്‍സെടുത്ത പട്ടേലാണ് ബെംഗളൂരുവിന്റെ ടോപ്പ് സ്‌കോറര്‍. സ്‌റ്റോയ്‌നിസ് 32 റണ്‍സെടുത്തു. കോഹ്ലി 23 റണ്‍സും ശിവം 24 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയ്ക്കായി കഗിസോ റബാഡയും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേലും റുഥര്‍ഫോഡും ഇശാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഓപ്പണര്‍ ശിഖര്‍ ധവാന്റേയും നായകന്‍ ശ്രേയസ് അയ്യരുടേയും പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ധവാന്‍ 37 പന്തില്‍ 50 റണ്‍സ് നേടി.അഞ്ച് സിക്‌സും രണ്ട്‌ഫോറും അടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്‌സ്. 37 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 52 റണ്‍സ് നേടി. ഓപ്പണര്‍ പൃഥ്വി ഷാ 18 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റുഥര്‍ഫോഡ് ഒരു ഫോറും മൂന്ന് സിക്‌സുമടക്കം 28 റണ്‍സ് നേടി. അക്‌സര്‍ പട്ടേല്‍ 16 റണ്‍സും കൂട്ടിച്ചേര്‍ത്തു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഇന്നത്തെ വിജയത്തോടെ ഡല്‍ഹി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബെംഗളൂരു ഇപ്പോഴും അവസാന സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook