IPL 2019 DC vs MI Highlights: ഡല്‍ഹി ക്യാപിറ്റല്‍സിനെ എറിഞ്ഞൊതുക്കി മുംബെ ഇന്ത്യന്‍സ്. 40 റണ്‍സിനാണ് മുംബൈയുടെ വിജയം. താരതമ്യേന എത്തിപ്പിടിക്കാവുന്ന സ്‌കോറായിട്ടും മുംബൈയുടെ ബോളിങിന് മുന്നില്‍ ഡല്‍ഹി പതറുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷാ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ മധ്യനിരക്കായില്ല.

35 റണ്‍സെടുത്ത ധവാനാണ് ടോപ്പ് സ്‌കോറര്‍. ഷാ 20 റണ്‍സും അക്‌സര്‍ പട്ടേല്‍ 26 റണ്‍സും നേടി. ക്രിസ് മോറിസ് 11 റണ്‍സ് നേടിയപ്പോള്‍ ഋഷഭ് പന്ത് 7 റണ്‍സ് മാത്രമാണ് നേടിയത്. മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ്. ബുംറ രണ്ട് വിക്കറ്റ് നേടി.

അവസാന ഓവറുകളില്‍ പാണ്ഡ്യ സഹോദരന്മാരുടെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിലാണ് മുംബൈ ഇന്ത്യന്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്‌കോര്‍ നേടാനായത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സുമായാണ് മുംബൈ കളി അവസാനിച്ചത്.

രോഹിത്തും ഡികോക്കും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. രോഹിത് 30 റണ്‍സും ഡികോക്ക് 35 റണ്‍സും നേടി. സൂര്യകുമാര്‍ യാദവ് 26 റണ്‍സുമായി പുറത്തായി. 150 ല്‍ സ്‌കോര്‍ ഒതുങ്ങുമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക്കും ക്രുണാലും കത്തിക്കയറുകയായിരുന്നു.

ക്രുണാല്‍ 26 പന്തുകളില്‍ 37 റണ്‍സ് നേടി. മൂന്ന് സിക്‌സും രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 15 പന്തില്‍ 32 റണ്‍സാണ് ഹാര്‍ദ്ദിക് നേടിയത്.