IPL 2019, CSK vs RR Match Live Score Updates: ഒരിക്കല്‍ കൂടി രാജസ്ഥാന് ഭാഗ്യം വിലങ്ങു തടിയായി. അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തില്‍ ജയിച്ചെന്നുറച്ച രാജസ്ഥാന് ഒടുവില്‍ എല്ലാം നഷ്ടമാവുകയായിരുന്നു. നായകന്‍ ധോണിയുടേയും അമ്പട്ടി റായിഡുവിന്റേയും പ്രകടനമാണ് ചെന്നൈയ്ക്ക് ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് തോന്നിയ ജയം സമ്മാനിച്ചത്.

ചെന്നൈയുടെ മുന്‍ നിരയെ ആദ്യമേ തന്നെ രാജസ്ഥാന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ റായിഡുവും ധോണിയും ചേര്‍ന്ന് കളിയുടെ ഗതി തന്നെ മാറ്റുകയായിരുന്നു. 47 പന്തില്‍ 57 റണ്‍സാണ് റായിഡു നേടിയത്. ഇതില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടും. നായകന്‍ ധോണി 43 പന്തില്‍ 58 റണ്‍സ് നേടി. രണ്ട് ഫോറും മൂന്ന് സിക്‌സും ധോണി നേടി. അവസാന ഓവറിലാണ് ധോണി പുറത്താകുന്നത്. ധോണി പുറത്താകുമ്പോള്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ നാല് പന്തില്‍ എട്ട് റണ്‍സ് വേണമെന്ന നിലയിലായിരുന്നു ചെന്നൈ. എന്നാല്‍ അവസാന ഓവറിലെ ബെന്‍ സ്‌റ്റോക്‌സ് വരുത്തിയ പിഴവുകള്‍ രാജസ്ഥാന് വിനയായി.

അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ സാന്റ്‌നര്‍ സിക്‌സ് അടിക്കുകയായിരുന്നു. സാന്റ്‌നറുടെ ആദ്യ മത്സരവുമായിരുന്നു ഇന്ന്. രാജസ്ഥാന്‍ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത സ്‌റ്റോക്ക്‌സും ഓരോ വിക്കറ്റ് വീതം നേടിയ ആര്‍ച്ചറും ഉനദ്കട്ടും കുല്‍ക്കര്‍ണിയുമാണ്.

നേരത്തെ 20 ഓവറില്‍ 151 റണ്‍സുമായാണ് രാജസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. തുടക്കത്തില്‍ തന്നെ പ്രധാന താരങ്ങളെ നഷ്ടമായെങ്കിലും മധ്യനിരയുടേയും വാലറ്റത്തിന്റേയും ചെറുത്തു നില്‍പ്പാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.

ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ടോപ്പ് സ്‌കോറര്‍. സ്‌റ്റോക്‌സ് 28റണ്‍സ് നേടി. ബട്‌ലര്‍ 23 റണ്‍സും നേടി. അവസാന ഓവറുകളില്‍ റിയാന്‍ പരാഗ്, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍ എന്നിവരുടെ ചെറുത്തു നില്‍പ്പാണ് രാജസ്ഥാനെ രക്ഷിച്ചത്.

ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജഡേജയും ദീപക് ചാഹറും ശാര്‍ദുല്‍ ഠാക്കൂറുമാണ്. ജഡേജ 100 വിക്കറ്റെന്ന നേട്ടവും പിന്നിട്ടു. മിച്ചല്‍ സാന്റ്‌നറും ഒരു വിക്കറ്റ് നേടി.