IPL 2019, RCB vs CSK Match 1 Live Cricket Score: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പും വിജയത്തോടെ തുടങ്ങി ചെന്നൈ സൂപ്പർ കിങ്സ്. ഉദ്ഘാടന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെടുത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 71 റൺസ് വിജയലക്ഷ്യം 18-ാമത്തെ ഓവറിലാണ് ചെന്നൈ മറികടന്നത്.

ബോളർമാർ കരുത്തുകാട്ടിയ മത്സരത്തിൽ ചെന്നൈയുടെ വിജയം അത്ര അനായാസമായിരുന്നില്ല. 70 റൺസിന് ബാംഗ്ലൂരിനെ പുറത്താക്കിയ ചെന്നൈ മറുപടി ബാറ്റിങ്ങിൽ നന്നായി വിയർപ്പൊഴുക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കം തന്നെ പിഴച്ചു. ടീം സ്കോർ 16ൽ നിൽക്കെ നായകൻ വിരാട് കോഹ്‌ലിയെ നഷ്ടമായി. കൃത്യമായ ഇടവേളകളിൽ ചെന്നൈ താരങ്ങൾ ബാംഗ്ലൂർ ബാറ്റ്സ്മാന്മാരെ കൂടാരം കയറ്റിയതോടെ ബാംഗ്ലൂർ ഇന്നിങ്സ് 70 റൺസിൽ അവസാനിച്ചു.

സ്‌പിൻ മികവിലായിരുന്നു ചെന്നൈയുടെ കുതിപ്പ്. നാല് ഓവറിൽ 9 റൺസ്മാത്രം വിട്ടുനൽകി ഇമ്രാൻ താഹിർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ 20 റൺസ് മാത്രം വിട്ടു നൽകിയാണ് ഹർഭജൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. യുവതാരം ദീപക് ചാഹർ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി പുറത്തെടുത്തത്.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവർ തന്നെ മെയ്ഡിൻ എറിഞ്ഞ് യുസ്‌വേന്ദ്ര ചാഹൽ ബാംഗ്ലൂരിന് പ്രതീക്ഷ നൽകി. അക്കൗണ്ട് തുറക്കാതെ വാട്സൻ മടങ്ങിയതോടെ പ്രതീക്ഷ സജീവമായി. എന്നാൽ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ റയിഡു ചെന്നൈ വിജയം ഉറപ്പിക്കുകയായിരുന്നു.