IPL 2019, CSK vs MI: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ മുംബൈ ഇന്ത്യൻസ് ഫൈനലിൽ കടന്നു. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയാണ് മുംബൈയുടെ ഫൈനൽ പ്രവേശനം. ചെന്നൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മുംബൈ 9 പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സാണ് മുംബൈ ജയം അനായാസമാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകൻ ധോണിയുടെ തീരുമാനം പിഴച്ചു എന്ന് കരുതിയടുത്ത് നിന്ന് അതേ നായകനെ കൂട്ടുപിടിച്ച് അമ്പാട്ടി റയ്ഡു നടത്തിയ മിന്നും പ്രകടനമാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ട് ആദ്യ ക്വാളിഫയറിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ ഷെയ്ൻ വാട്സണിനെയും ഡു പ്ലെസിസിനെയും മുംബൈ ബോളർമാർ വട്ടം കറക്കി. ആദ്യ ഓവറിൽ ചെന്നൈയ്ക്ക് നേടാനായത് ഒരു റൺസ് മാത്രമാണ്. അടുത്ത ഓവറിൽ അഞ്ച് റൺസ് കൂടി കൂട്ടിച്ചേർത്തെങ്കിലും മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഡു പ്ലെസിസ് പുറത്തായി. ആറ് റൺസെടുത്ത ഡു പ്ലെസിസിനെ രാഹുൽ ചാഹർ അൻമോൾപ്രീത് സിങ്ങിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

മൂന്നാമനായി എത്തിയ സുരേഷ് റെയ്നയക്കും അധികനേരം ക്രീസിൽ നൽക്കാൻ സാധിച്ചില്ല. നാലാം ഓവറിൽ സുരേഷ് റെയ്നയെ മടക്കിയത് ജയന്ത് യാദവ് ആയിരുന്നു. ഏഴ് പന്തുകൾ നേരിട്ട ചിന്നത്തലയ്ക്ക് അഞ്ച് റൺസ് മാത്രമാണ് നേടാനായത്. ഷെയ്ൻ വാടസണും ക്രീസിൽ ആയുസുണ്ടായില്ല. പത്ത് റൺസിനാണ് വാട്സൺ കളം വിട്ടത്. ക്രുണാൽ പാണ്ഡ്യയ്ക്കാണ് വാട്സന്റെ വിക്കറ്റ്.

സീസണിൽ രണ്ടാം തവണ മാത്രം ചെന്നൈയ്ക്ക് വേണ്ടി ബാറ്റേന്തിയ മുരളി വിജയ് പൊരുതി നോക്കിയെങ്കിലും ശ്രമം വിഫലമായി. എന്നാൽ ചെന്നൈ അക്കൗണ്ടിൽ 26 റൺസ് കൂട്ടിച്ചേർക്കാൻ താരത്തിന് സാധിച്ചു. 12-ാം ഓവറിൽ രാഹുൽ ചാഹറിന്റെ പന്തിൽ ക്രീസിന് പുറത്തിറങ്ങിയ മുരളി വിജയിയെ ക്വിന്റൻ ഡീ കോക്ക് സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കി.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ എം.എസ് ധോണിയും അമ്പാട്ടി റയ്ഡുവുമാണ് പിന്നീട് ചെന്നൈ സ്കോർ ചലിപ്പിച്ചത്. ധോണി വിക്കറ്റ് കാത്തപ്പോൾ മറുവശത്ത് റായ്ഡു സ്കോർ ഉയർത്തി. എന്നാൽ അവസാന ഓവറുകളിൽ ധോണിയും അക്രമണകാരിയായി. മലിംഗ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് തവണ സിക്സർ പായിച്ച് ധോണി മുംബൈ ആരാധകരെ ഞെട്ടിച്ചു. അടുത്ത ഓവറിന്രെ ആദ്യ പന്തിൽ ബുംറയുടെ പന്ത് ഉയർത്തിയടിച്ച ധോണിയെ സർക്കിളിനുള്ളിൽ നിന്ന് കൈപിടിയിലൊതുക്കിയെങ്കിലും നോ ബോളായതോടെ ധോണിക്ക് ലൈഫ് ലൈൻ ലഭിച്ചു.

അതേ ഓവറിൽ ഒമ്പത് റൺസ് കൂടി കൂട്ടിച്ചേർത്ത് ചെന്നൈ ഇന്നിങ്സിന് അവസാനം. പുറത്താകാതെ 37 പന്തിൽ 42 റൺസ് റായിഡു അടിച്ചെടുത്തപ്പോൾ 29 പന്തിൽ 37 റൺസായിരുന്നു നായകൻ എം.എസ് ധോണിയുടെ സമ്പാദ്യം. ടൂർണമെന്റിൽ മുംബൈ ബോളർമാരുടെ ഇതുവരെയുള്ള മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ചെന്നൈയ്ക്കെതിരെ. രാഹുൽ ചാഹർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രുണാൽ പാണ്ഡ്യ, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ആറ് താരങ്ങളാണ് മുംബൈയ്ക്ക് വേണ്ടി പന്തെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിനും തുടക്കം പിഴച്ചു. ആദ്യ പന്ത് ബൗണ്ടറി പായിച്ച രോഹിത്തിനെ രണ്ടാം പന്തിൽ മടക്കി ദീപക് ചാഹർ മുംബൈയ്ക്ക് ആദ്യ പ്രഹരം നൽകി. നാലാം ഓവറിൽ ക്വിന്റൻ ഡീ കോക്കിനെ ഹർഭജനും വീഴ്ത്തിയതോടെ മുംബൈ പതറി. എന്നാൽ മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ചേർന്ന് മുംബൈ സ്കോർബോർഡ് ഉയർത്തി.

മൂന്നാം വിക്കറ്റിലെ അർധസെഞ്ചുറി കൂട്ടുകെട്ട് തകർത്തത് ഇമ്രാൻ താഹിറായിരുന്നു. 28 റൺസുമായി ഇഷാൻ കിഷൻ മടങ്ങിയ അതേ ഓവറിലെ അടുത്ത പന്തിലെ ക്രുണാൽ പാണ്ഡ്യയെയും താഹിർ മടക്കി. എന്നാൽ ചെന്നൈ ജയത്തിന് അത് മതിയാകുമായിരുന്നില്ല. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് മുംബൈയെ ഫൈനലിൽ എത്തിച്ചു. 54 പന്തിൽ 71 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook