IPL 2019 CSK vs DC: ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 180 റണ്‍സിന്റെ വിജയ ലക്ഷ്യം. നിശ്ചിത ഓവര്‍ ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. 10 ഓവറില്‍ 52 റണ്‍സ് എന്ന നിലയില്‍ നിന്നുമാണ് ചെന്നെെ മികച്ച സ്കോറിലേക്ക് എത്തിയത്.

മത്സരത്തിന് തൊട്ടു മുമ്പു വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കകളായിരുന്നു നായകന്‍ എംഎസ് ധോണിയുടെ പനിയും ചിന്നത്തല സുരേഷ് റെയ്‌നയുടെ ഫോമില്ലായ്മയും. എന്നാല്‍ ചെന്നൈയുടെ ഇന്നിങ്‌സ് അവസാനിക്കുമ്പോഴേക്കും ഈ രണ്ട് ആശങ്കകളും കാറ്റില്‍പ്പറത്തിയിരിക്കുകയാണ് തലയും ചിന്നതലയും.

പനി കാരണം കഴിഞ്ഞ മത്സരത്തില്‍ നിന്നും വിട്ടു നിന്ന ധോണി ഇന്ന് കളിക്കാനിറങ്ങിയതോടെ ചെന്നൈയുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. അതേസമയം ബാറ്റു കൊണ്ട് മറുപടി പറഞ്ഞാണ് സുരേഷ് റെയ്‌ന മൈതാനം വിട്ടത്. 37 പന്തുകള്‍ നേരിട്ട സുരേഷ് റെയ്‌ന 59 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്‌സുമടക്കമാണ് റെയ്‌നയുടെ പ്രകടനം. 159.45 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്.

ചെന്നൈയ്ക്ക് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ നഷ്ടമായിരുന്നു. 9 പന്തുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ വാട്‌സണിന് സാധിച്ചിരുന്നില്ല. എന്നാല്‍ റെയ്‌നയും ഡുപ്ലെസിസും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 41 പന്തുകളില്‍ നിന്നും 39 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. രണ്ട് ഫോറും രണ്ട് സിക്‌സും ഡുപ്ലെസിസ് അടിച്ചു. ഇരുവരും പുറത്തായതോടെ നായകന്‍ ധോണിയും ജഡേജയും ചെന്നൈയെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

വെറും 10 പന്തുകള്‍ മാത്രം നേരിട്ട ജഡേജ 25 റണ്‍സാണെടുത്തത്. രണ്ട് സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. അവസാന ഓവറുകളിലേക്ക് നീങ്ങവെ ധോണിയും ആക്രമണം ആരംഭിച്ചു. തുടരെ തുടരെ ബൗണ്ടറികള്‍ പായിച്ച ധോണി 22 പന്തില്‍ 44 റണ്‍സാണ് നേടിയത്. ഇതില്‍ നാല് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടും. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ അവസാന ഓവറില്‍ ധോണി നേടിയത് 21 റണ്‍സാണ്.

ഡല്‍ഹി ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റടുത്ത യുവതാരം ജഗദീഷ സുചിതാണ്. ക്രിസ് മോറിസ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഡല്‍ഹി ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹരം കിട്ടിയത് ക്രിസ് മോറിസിനായിരുന്നു. നാല് ഓവര്‍ എറിഞ്ഞ മോറിസ് 47 റണ്‍സാണ് വഴങ്ങിയത്.

പോയന്റ് പട്ടികയില്‍ ഒന്നാമതായി പ്ലേ ഓഫിലേക്ക് പോകാം എന്നതാണ് ഇന്നത്തെ മത്സരത്തില്‍ രണ്ട് ടീമുകളും ഉറ്റു നോക്കുന്നത്. മറ്റു ടീമുകള്‍ പോയന്റ് പട്ടികയില്‍ കയറ്റിറക്കങ്ങളില്‍ തിരക്കിലായിരുന്നപ്പോള്‍ നേരത്തേ തന്നെ സീറ്റുറപ്പിച്ചവരാണ് ചെന്നൈ. നന്നായി തുടങ്ങി ഇടക്കൊന്ന് ഉഴപ്പി വീണ്ടും മിടുക്കരായി തിരിച്ചു വന്നാണ് ഡല്‍ഹി പ്ലേ ഓഫ് സീറ്റ് നേടിയത്.

തുടക്കത്തിലെ എട്ട് കളികളില്‍ ഏഴ് കളികളും ജയിച്ച ചെന്നൈ കഴിഞ്ഞ നാല് മത്സരങ്ങളായി ആ ഫോമിലല്ല കളിക്കുന്നത് എന്നതാണ് വാസ്തവം. കഴിഞ്ഞ നാല് കളികളില്‍ ഒരെണ്ണം മാത്രമാണ് ചെന്നൈയ്ക്ക് ജയിക്കാനായത്. നായകന്‍ എംഎസ് ധോണി പനി മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടില്ല. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു ചെന്നൈയുടെ അവസാന കളിയും. ധോണിയും ജഡേജയും ഇല്ലാതെ ഇറങ്ങിയ ചെന്നൈ ജയ സാധ്യതയുള്ള കളിയാണ് ചെന്നൈ കൈ വിട്ടത്. മുംബൈയെ 155 റണ്‍സിന് ഒതുക്കിയിട്ടും ടീം പരാജയപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook