ഐപിഎല്ലിൽ മികച്ചൊരു ക്യാച്ച് നേടിക്കൊടുത്തതിലൂടെ കൈയ്യടി നേടുകയാണ് ഡൽഹി ക്യാപിറ്റൽസ് താരം കോളിൻ ഇൻഗ്രാം. കിങ്സ് ഇലവൻ പഞ്ചാബിന്റെ ക്രിസ് ഗെയ്‌ലിനെയാണ് സഹതാരം അക്സർ പട്ടേലിനൊപ്പം ചേർന്ന് കോളിൻ പുറത്താക്കിയത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ മികച്ച ക്യാച്ചെന്നാണ് ക്രിക്കറ്റ് ആരാധകർ ട്വീറ്റ് ചെയ്യുന്നത്.

കിങ്സ് ഇലവൻ പഞ്ചാബിനുവേണ്ടി 37 ബോളുകളിൽനിന്നും 69 റൺസാണ് ക്രിസ് ഗെയ്‌ൽ നേടിയത്. 25 ബോളിൽനിന്നായിരുന്നു അർധ സെഞ്ചുറി. 5 സിക്സും 6 ഫോറും ഉൾപ്പെടെ മികച്ച സ്‌കോറുമായി മധ്യനിരയിൽ മിന്നി നിന്ന ഗെയ്‌ലിനെയാണ് കോളിൻ ഇൻഗ്രാമും അക്സർ പട്ടേലും ചേർന്ന് പവലിയനിലേക്ക് മടക്കിയത്. ഗെയ്ൽ സിക്സറിനായി ഉയർത്തിയ ബോൾ ഇൻഗ്രാം കൈയ്യിൽ ഒതുക്കിയെങ്കിലും ബാലൻസ് തെറ്റി റോപ്പിനു പുറത്തേക്ക് പോയി. പെട്ടെന്നുതന്നെ ബോൾ അക്സർ പട്ടേലിനുനേരെ എറിഞ്ഞുകൊടുക്കുകയായിരുന്നു.

മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം. ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യരുടേയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലായിരുന്നു ഡല്‍ഹിയുടെ വിജയം. അവസാന ഓവറു വരെ നീണ്ട മത്സരം രണ്ട് പന്ത് ബാക്കി നില്‍ക്കെ ഡൽഹി ജയം സ്വന്തമാക്കി.

ശ്രേയസ് അയ്യര്‍ 58 റണ്‍സും ശിഖര്‍ ധവാന്‍ 56 റണ്‍സും നേടി. കോളിന്‍ ഇന്‍ഗ്രം 19 റണ്‍സും പൃഥ്വി ഷാ 13 റണ്‍സും നേടി. ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മികച്ച സ്‌കോര്‍ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് 163 പഞ്ചാബ് എടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook