ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും നിലവിലെ ഇന്ത്യൻ വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി എട്ട് മണിയ്ക്ക് ചെന്നൈയുടെ തട്ടകത്തിൽ ഇരുടീമുകളും കൊമ്പുകോർക്കുമ്പോൾ വാശിയേറിയ ഒരു പോരാട്ടത്തിനാകും ഐപിഎൽ 2019ന്റെ ഉദ്ഘാടന മത്സരം തന്നെ വേദിയാവുക.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് കിരീടം നിലനിർത്തുന്നതോടൊപ്പം മൂന്ന് തവണ സ്വന്തമാക്കിയ കപ്പ് ഒരിക്കൽ കൂടി ചെന്നൈയിലെത്തിച്ച് ഏറ്റവും കൂടുതൽ തവണ കിരീടം ഉയർത്തുന്ന ടീമാവുക എന്ന ലക്ഷ്യവും മുന്നിലുണ്ട്. മറുവശത്ത് ബാംഗ്ലൂരാവട്ടെ മൂന്ന് തവണ ടീമിനെ ഫൈനലിലെത്തിക്കാൻ സാധിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം സ്വന്തമാക്കാൻ കോഹ്‌ലിയ്ക്ക് സാധിച്ചട്ടില്ല. കപ്പിനും ചുണ്ടിനുമിടയിൽ മൂന്ന് വട്ടം നഷ്ടപ്പെട്ട് പോയ കിരീടം ഇത്തവണ എന്ത് വിലകൊടുത്തും സ്വന്തമാക്കുകയാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം.

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം കിരീടം ചൂടി മടങ്ങിയെത്തിയവരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിന് പകരം പൂനെയെ ഹോം ഗ്രൗണ്ടായി സ്വീകരിച്ചായിരുന്നു പോയ വര്‍ഷം ധോണിയും സംഘവും കിരീടം ചൂടിയത്. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് ധോണി നയിക്കുന്ന ടീം വയസന്മാരുടെ പടയെന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിന് ചെന്നൈ മറുപടി കൊടുത്തത് കിരീടം നേടി കൊണ്ടാണ്. നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ധോണിയുടെ ടീമെത്തുന്നത്.

വൻ താരനിരയുമായി ഓരോ സീസണിലും എത്താറുള്ള ബാംഗ്ലൂരിന് എന്നാൽ കിരീടം മാത്രം അകന്നു നിൽക്കുന്നതാണ് പതിവ്. മൂന്ന് തവണ ഫൈനൽ വരെ എത്തിയ ശേഷമാണ് കോഹ്‌ലിയുടെ ബാംഗ്ലൂർ കിരീടം വിട്ടുകളഞ്ഞത്. ഐപിഎൽ 2016 സീസണിൽ ഫൈനലിൽ പ്രവേശിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് സീസണിലും അത്ര മികച്ച പ്രകടനം പുറത്തെടുക്കാനും ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. 2017ൽ എട്ടാമതും 2018ൽ ആറാമതും അവസാനിപ്പിച്ച ബാംഗ്ലൂരിന് മുന്നിൽ ആ ചീത്ത പേര് മായിക്കുകയെന്ന വലിയ കടമ്പയാണുള്ളത്. താരനിരയിൽ ഇത്തവണയും ഒട്ടും പിന്നിലല്ല റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

ക്യാപ്റ്റൻ കൂളും കിങ് കോഹ്‌ലിയും നേർക്കുനേർ വരുന്നത് തന്നെയാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന പ്രത്യേകത. കിരീടനേട്ടത്തിലെന്ന പോലെ തന്നെ വിജയങ്ങളുടെ കാര്യത്തിലും ഒരുപിടി മുന്നിലാണ് എം എസ് ധോണി. ഒമ്പത് സീസണുകളിലായി 17 മത്സരങ്ങളിലാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. ഇതിൽ 11 മത്സരങ്ങളും ജയിച്ചത് ചെന്നൈയായിരുന്നു. ആറ് മത്സരത്തിൽ മാത്രമാണ് കോഹ്‌ലിയുടെ ബാംഗ്ലൂരിന് ധോണിയുടെ ചെന്നൈയെ പരാജയപ്പെടുത്താൻ സാധിച്ചത്. 2014ന് ശേഷം ഒരിക്കൽ പോലും ചെന്നൈ ബാംഗ്ലൂരിനോട് പരാജയപ്പെട്ടിട്ടുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook