ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ലോകകപ്പ് പോലെ തന്നെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഐപിഎല്ലിനായും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെയും പന്ത്രണ്ടാം പതിപ്പിനെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ക്രിക്കറ്റ് ആരാധകർ ഒരുങ്ങി കഴിഞ്ഞു. ആദ്യ മത്സരം തന്നെ പൊടിപൊടിക്കുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ നേൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സും ലീഗിലെ കരുത്തരായ നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും നേതൃത്വത്തിലുള്ള ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ മത്സരം.
Also Read: എം എസ് ധോണിയുടെ ഹെലികോപ്ടർ ഷോട്ടിൽ ഐപിഎൽ പരിശീലനത്തിന് തുടക്കം കുറിച്ച് ഹാർദ്ദിക് പാണ്ഡ്യ
എന്നാൽ മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മുമ്പ് തന്നെ ഓൺലൈൻ യുദ്ധം ആരംഭിച്ചിരിക്കുകയാണിപ്പോൾ. ഐപിഎല്ലിന്റെ തന്നെ ട്വിറ്റർ ഹാൻഡിലിൽ സൗത്ത് ഇന്ത്യൻ ഡർബിയുമായി ബന്ധപ്പെട്ട ഒരു പ്രെമോ പുറത്തിറക്കി. ഇരു ടീമുകളുടെയും ജെഴ്സി കളറുകൾ തമ്മിൽ പോരടിക്കുന്നതാണ് വീഡിയോയുടെ തീം. ചെന്നൈയുടെ നിറമായ മഞ്ഞയും ബാംഗ്ലൂരിന്റെ നിറമായ ചുവപ്പും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
Also Read: ‘ഐപിഎൽ എല്ലാവർഷവുമുണ്ട്, ലോകകപ്പ് നാല് വർഷത്തിലൊരിക്കൽ മാത്രമാണ്’; ഇന്ത്യൻ താരങ്ങളോട് വിരാട് കോഹ്ലി
എന്നാൽ ഇതിന് മറുപടിയായി ചെന്നൈ സൂപ്പർ കിങ്സ് നൽകിയ മറുപടി ഏറെ ശ്രദ്ധ നേടുന്നത്. സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ പടയപ്പ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ചെന്നൈ മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് സാരിയുടെ മേൽ രജിനികാന്ത് മഞ്ഞൾവെള്ളം ഒഴിക്കുന്നതാണ് രംഗം. ചുവപ്പിനെ (ബാംഗ്ലൂരിനെ) പൂർണ്ണമായും തുടച്ച് നീക്കുമെന്നാണ് ചെന്നൈയുടെ വെല്ലുവിളി. എന്നാൽ ബാംഗ്ലൂർ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
— Chennai Super Kings (@ChennaiIPL) March 14, 2019
കണക്കിൽ ചെന്നൈയ്ക്ക് തന്നെയാണ് ആധിപത്യം. 2014ന് ശേഷം ചെന്നൈയെ ഒരിക്കൽ പോലും പരാജയപ്പെടുത്താൻ ബാംഗ്ലൂരിനായിട്ടില്ല. 2015 മുതൽ കളിച്ച ആറ് മത്സരങ്ങളിലും ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു. ഐപിഎല്ലിലെ തങ്ങളുടെ നാലാമത്തെ കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നതെങ്കിൽ കന്നി കിരീടമാണ് ബാംഗ്ലൂർ മുന്നിൽ കാണുന്നത്.