മുംബൈ: അവസാന ഓവറില്‍ വിധിയെഴുതിയ, വിവാദത്തിരി കൊളുത്തി ഇന്നലത്തെ ഐപിഎല്‍ മത്സരം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസിലിടം നേടിയത് യുവരാജിന്റെ ഹാട്രിക്ക് സിക്‌സിന്റെ കൂടി പേരിലാകും. യുസ്‌വേന്ദ്ര ചാഹലിനെയാണ് യുവി മൂന്ന് വട്ടം അതിര്‍ത്തി കടത്തിയത്. യുവിക്കെതിരെ പന്തെറിയുമ്പോള്‍ തന്റെ മനസിലേക്ക് കടന്നു വന്നത് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെയാണെന്ന് ചാഹല്‍ പറയുന്നു.
മുംബൈ ഇന്നിങ്‌സിന്റെ 14-ാം ഓവറിലായിരുന്നു ചാഹലിനെ യുവി മൂന്ന് സിക്‌സുകള്‍ തുടര്‍ച്ചയായി പറത്തിയത്. ”അദ്ദേഹം മൂന്ന് സിക്‌സുകളടിച്ചപ്പോള്‍ ഞാനോര്‍ത്തത് സ്റ്റുവര്‍ട്ട് ബ്രോഡിനെയാണ്” ചാഹല്‍ പറയുന്നു. 2007 ലെ ടി20 ലോകകപ്പില്‍ ബ്രോഡിനെ യുവരാജ് ആറ് പന്തിലും സിക്‌സടിച്ചിരുന്നു. എന്നാല്‍ നാലാം പന്തില്‍ യുവരാജിനെ പുറത്താക്കി ചാഹല്‍ പകരം വീട്ടുകയായിുന്നു.
”അദ്ദേഹമൊരു ഇതിഹാസ താരമാണ്. ഗ്രൗണ്ട് ചെറുതായതു കൊണ്ട് തന്നെ കേറ്റി എറിയുകയായിരുന്നു. സിക്‌സടിച്ചപ്പോള്‍ ഏറ്റവും മികച്ച പന്തു തന്നെ എറിയണം എന്നാണ് ചിന്തിച്ചത്” ചാഹല്‍ പറഞ്ഞു.
Read: ഗ്യാലറിയും മനസും ഇളക്കി മറിച്ച് യുവിയുടെ ഹാട്രിക് സിക്‌സ്; നൊസ്റ്റാള്‍ജിയ അറ്റ് പീക്ക്
11 പന്തുകളില്‍ നിന്നും 23 റണ്‍സുമായാണ് യുവരാജ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആറെണ്ണം തികയ്ക്കാന്‍ സാധിക്കാതെ പകുതി വഴിയെ സിറാജിന്റെ കൈകളില്‍ അവസാനിച്ച് യുവി തിരിച്ചു നടക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം മനസില്‍ പറഞ്ഞിട്ടുണ്ടാവുക, ഇങ്ങനെയാണ് യുവിയെ ഞങ്ങള്‍ക്ക് കാണേണ്ടത് എന്നാകും.