ജയ്പൂര്‍: ഓരോ ഐപിഎല്‍ താരലേലവും അപ്രതീക്ഷിത താരോദയത്തിന്റെ വേദിയായി മാറാറുണ്ട്. ഇത്തവണത്തെ ലേലത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ക്രിക്കറ്റ് പ്രേമികളെല്ലാം തിരയുന്നത് വരുണ്‍ ചക്രവര്‍ത്തി എന്ന പേരാണ്. തമിഴ്‌നാട്ടില്‍ നിന്നുമുള്ള മിസ്ട്രി സ്പിന്നറായ വരുണ്‍ ലേലത്തില്‍ സ്വന്തമാക്കിയത് 8.4 കോടി രൂപയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് വരുണിനായി കാശ് വീശിയെറിഞ്ഞത്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ താരോദയമാണ് വരുണ്‍. തന്റെ 13ാം വയസു മുതല്‍ ക്രിക്കറ്റ് കളിക്കുന്ന വരുണ്‍ തുടക്കത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു. 17 വയസുവരെ കളിച്ചിട്ടും അവസരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ ക്രിക്കറ്റ് മതിയാക്കി വരുണ്‍ പഠനത്തിലേക്ക് തിരിഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം ചെന്നൈയിലെ എസ്ആര്‍എം സര്‍വ്വകലാശാലയില്‍ നിന്നും ആര്‍ക്കിടെക്ച്ചറില്‍ ബിരുദം നേടിയിറങ്ങിയ വരുണ്‍ കുറച്ച് കാലം ഫ്രീലാന്‍സായി ജോലി ചെയ്തു വന്നു. എന്നാല്‍ അപ്പോഴും ക്രിക്കറ്റിനെ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നില്ല. ഇടവേളകളില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചിരുന്നു വരുണ്‍. പിന്നീട് തന്റെ വഴി ക്രിക്കറ്റ് തന്നെയാണെന്ന് തിരിച്ചറിഞ്ഞ് ജോലി ഉപേക്ഷിച്ച് ക്രോംബെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബില്‍ ജോയിന്‍ ചെയ്തു.

എന്നാല്‍ കാല്‍മുട്ടിനേറ്റ പരുക്ക് താരത്തിന് വിനയായി. ഇതോടെ വീണ്ടും വഴിമാറി നടക്കാന്‍ തീരുമാനിച്ച വരുണ്‍ സ്പിന്നര്‍ ആകാന്‍ തീരുമാനിച്ചു. ആദ്യ മത്സരങ്ങളില്‍ ബാറ്റ്‌സ്ന്മാര്‍ നന്നായി തന്നെ പ്രഹരിച്ചെങ്കിലും കഠിനാധ്വാനത്തിലൂടെ സ്പിന്നിന്റെ മാന്ത്രികത വരുണ്‍ പഠിച്ചെടുത്തു.

പരുക്കില്‍ നിന്നും മടങ്ങിയെത്തിയ വരുണ്‍ ആദ്യം ചേര്‍ന്നത് ജൂബിലി ക്രിക്കറ്റ് ക്ലബ്ബിലായിരുന്നു. 2017-18 സീസണില്‍ ചെന്നെെ ലീഗിന്റെ നാലാം ഡിവിഷനില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 31 വിക്കറ്റ് സ്വന്തമാക്കി വരുണ്‍ താരമായി മാറി. 3.06 എക്കണോമി റേറ്റിലായിരുന്നു ഈ നേട്ടം. ബാറ്റുകൊണ്ടും തിളങ്ങാന്‍ വരുണിനായി.

ഏഴ് വേരിയേഷനുകളില്‍ പന്തെറിയാന്‍ സാധിക്കുന്നുവെന്നതാണ് വരുണിനെ അപകടകാരിയാക്കുന്നത്. ഓഫ് ബ്രേക്ക്, ലെഗ് ബ്രേക്ക്, ഗൂഗ്ലി, കാരം ബോള്‍, ഫ്‌ളിപ്പര്‍, ടോപ്പ് സ്പിന്നര്‍, സ്ലൈഡര്‍ എന്നിവ വരുണിന്റെ ആവനാഴിയിലെ ആയുധങ്ങളാണ്.

ഈ സീസണില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്‌സിനെ തങ്ങളുടെ കന്നി കിരീടത്തിലേക്ക് നയിച്ചാണ് വരുണ്‍ രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നെറ്റ്‌സില്‍ പന്തെറിയാനും വരുണിന് ക്ഷണം ലഭിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈയുടെ നെറ്റ്‌സില്‍ കുറച്ച് നാള്‍ വരുണുമുണ്ടായിരുന്നു. പിന്നാലെ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് വരുണിനെ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് സുനില്‍ നരേനില്‍ നിന്നും പഠനം.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 15 തോല്‍വികള്‍ ഏറ്റുവാങ്ങിയിരുന്ന മധുരൈ പാന്തേഴ്‌സിനെ അവിടെ നിന്നും കിരീടം വരെ എത്തിച്ചത് വരുണിന്റെ സ്പിന്‍ മികവ് തന്നെയായിരുന്നു. ഓസീസ് ഇതിഹാസം മൈക്കിള്‍ ഹസി ഇക്കൊല്ലത്തെ ശ്രദ്ധേയ താരമായി വരുണിനെയായിരുന്നു തിരഞ്ഞെടുത്തത്.

വരുണിന്റെ ഐപിഎല്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കാം. അശ്വിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നൊരു സ്പിന്‍ മാന്ത്രികനായും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook