ഐപിഎല്‍ 2019 ന് അരങ്ങുണരുകയാണ്. ലോകകപ്പ് തൊട്ട് മുന്നില്‍ നില്‍ക്കെ നടക്കുന്ന ടൂർണമെന്റ് എന്ന നിലയില്‍ ഐപിഎല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധ്യനിര ശക്തമാക്കുക, ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഐപിഎല്‍ ലേലം നടന്നത്.

ഭാവി ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ യുവതാരങ്ങളെയാണ് മിക്ക ടീമുകളും തങ്ങളുടെ പാളയത്തിലെത്തിച്ചത്. കൂടുതലും ഇന്ത്യന്‍ താരങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്. മാർച്ച് 23 ന് ഐപിഎല്‍ പൂരത്തിന് കൊടിയേറും, ലോകത്തിന്റെ ശ്രദ്ധ അപ്പോള്‍ ഈ യുവതാരങ്ങളിലായിരിക്കും. വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ അഞ്ച് കോടി നല്‍കിയാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. മറ്റൊരു വിന്‍ഡീസ് താരമായ ഹെറ്റ്മയറിനെ 4.2 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തങ്ങളുടെ തട്ടകത്തിലെത്തിച്ചു.

Read More: ഫുള്‍ സ്ലീവിട്ട് വേണം പന്തെറിയാന്‍ എന്നാകും ദാദ പറയുന്നത്; ധവാനോട് യുവി, മറുപടി

കഴിഞ്ഞ തവണത്തേത് പോലെ തന്നെ ജയ്‌ദേവ് ഉനദ്കട്ടിനായി ശക്തമായ ലേലമായിരുന്നു നടന്നത്. ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ ഇക്കൊല്ലവും ജയ്‌ദേവിനെ വാങ്ങുകയായിരുന്നു, ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 8.4 കോടിക്കാണ് ജയ്‌ദേവിനെ രാജസ്ഥാന്‍ വാങ്ങിയത്. ഇത്ര തന്നെ നല്‍കിയാണ് യുവതാരം വരുണ്‍ ചക്രവര്‍ത്തിയെ പഞ്ചാബ് നേടിയതും.

ഇക്കൊല്ലം ഐപിഎല്ലില്‍ സർപ്രൈസ് താരങ്ങളാകുമെന്ന് കരുതുന്ന, രാജ്യത്തിന് വേണ്ടി അരങ്ങേറ്റം കുറിക്കാത്ത, അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

വരുണ്‍ ചക്രവര്‍ത്തി

വില-8.4 കോടി, കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഇക്കൊല്ലത്തെ ലേലത്തിലെ അപ്രതീക്ഷിത താരോദമായിരുന്നു വരുണ്‍. തമിഴ്‌നാട് സ്വദേശിയായ വരുണിനായി ടീമുകള്‍ മത്സരിക്കുകയായിരുന്നു. ഒടുവില്‍ റെക്കോര്‍ഡ് തുകയായ 8.4 കോടിക്ക് വരുണിനെ പഞ്ചാബ് സ്വന്തമാക്കി. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനമാണ് ഈ മിസ്ട്രി സ്പിന്നറെ ഐപിഎല്‍ ടീമുകളുടെ റഡാറിലെത്തിച്ചത്. ടിഎന്‍പിഎല്ലില്‍ മധുരൈ പാന്തേഴ്‌സിനെ കിരീട ജേതാക്കളാക്കിയത് വരുണിന്റെ ബോളിങ് മികവായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷത്തില്‍ നിന്നുമാണ് അവസാന വില 8.4 കോടിയിലെത്തിയത് എന്നത് താരത്തിനായി ടീമുകള്‍ എത്രമാത്രം മത്സരിച്ചുവെന്നു വ്യക്തമാക്കുന്നു.

Read More: ഐപിഎൽ: റൺവേട്ടയിൽ കോഹ്‌ലി-റെയ്‌ന പോരാട്ടം; റെക്കോർഡ് ‘ചിന്ന തല’യ്ക്കെന്ന് ആരാധകർ

ശിവം ദൂബേ

വില-അഞ്ച് കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

മഹാരാഷ്ട്രയില്‍ നിന്നുമുള്ള ഓള്‍ റൗണ്ടറായ ശിവം ലേലത്തിന് മുമ്പു തന്നെ വാര്‍ത്തകളിലെ താരമായിരുന്നു. അതുകൊണ്ട് ലേലത്തില്‍ ശിവമിനായി കടുത്ത മത്സരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതുമാണ്. രഞ്ജിയില്‍ മഹാരാഷ്ട്രയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശിവം 489 റണ്‍സും 17 വിക്കറ്റുകളും നേടിയിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ അഞ്ച് കോടി നല്‍കിയാണ് ബെംഗളൂരു തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

പ്രഭ്‌സിമ്രാന്‍ സിങ്

വില-4.8 കോടി, കിങ്‌സ് ഇലവന്‍ പഞ്ചാബ്

വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായ പ്രഭ്‌സിമ്രാനെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു പഞ്ചാബ് ലേലത്തിനെത്തിയിരുന്നത്. അണ്ടര്‍-23 യില്‍ അമൃത്സറിനെതിരായ 298 റണ്‍സ് പ്രകടനമാണ് പ്രഭ്‌സിമ്രാനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ പഞ്ചാബിനായി കഴിഞ്ഞ സീസണില്‍ 547 റണ്‍സും നേടിയിരുന്നു. 4.8 കോടിക്കാണ് താരത്തെ പഞ്ചാബ് വാങ്ങിയത്. 20 ലക്ഷമായിരുന്നു അടിസ്ഥാന വില.

Also Read: ഐപിഎല്‍ 2019: ഗ്രൂപ്പ് ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു

അക്ഷദീപ് നാഥ്

വില-3.6 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ഓള്‍ റൗണ്ടറായ അക്ഷദീപ് 2011-12 സീസണിലെ അണ്ടര്‍-19 വിനൂ മങ്കാഡ് ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ ജയിപ്പിച്ചു കൊണ്ടാണ് ശ്രദ്ധേയനാകുന്നത്. 2016 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്നുവെങ്കിലും അര്‍ഹിച്ച പരിഗണന ലഭിച്ചിരുന്നില്ല. മീഡിയം പേസറും മിഡില്‍ ഓഡര്‍ ബാറ്റ്‌സ്മാനുമായ അക്ഷദീപ് ആന്ധ്രയ്ക്കും ഗോവയ്ക്കും ഒഡീഷയ്ക്കും എതിരായ രഞ്ജി ട്രോഫി മത്സരങ്ങളില്‍ തുടരെ തുടരെ സെഞ്ചുറി നേടി വീണ്ടും ശ്രദ്ധ നേടുകയായിരുന്നു.

പ്രയാസ് റായ് ബര്‍മ്മന്‍

വില-1.5 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയാണ് ബംഗാളില്‍ നിന്നുമുള്ള 16 കാരന്‍ ലെഗ് സ്പിന്നര്‍ പ്രയാസ് റായ് ബര്‍മ്മന്‍. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ് താരത്തെ ഐപിഎല്‍ ടീമുകളുടെ കണ്ണിലെത്തിച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും ജമ്മു കാശ്മീരിനെതിരായ നാല് വിക്കറ്റ് നേട്ടമുള്‍പ്പടെ 11 വിക്കറ്റുമായി ടൂര്‍ണമെന്റില്‍ പ്രയാസ് തിളങ്ങിയിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷത്തിന്റെ ഏഴ് മടങ്ങ് വരുന്ന തുകയ്ക്കാണ് താരത്തെ ബെംഗളൂരു സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook