Royal Challengers Bangalore 2019 Full Team Players List: ഇന്ത്യൻ പ്രീമിയർ ലീഗിന്രെ പന്ത്രണ്ടാം പതിപ്പിൽ കന്നി കിരീടം ലക്ഷ്യമിടുന്ന ടീമുകളിൽ ഒന്ന് തന്നെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വൻ താരനിരയുമായി ഓരോ സീസണിലും എത്താറുള്ള ബാംഗ്ലൂരിന് എന്നാൽ കിരീടം മാത്രം അകന്നു നിൽക്കുന്നതാണ് പതിവ്. മൂന്ന് തവണ ഫൈനൽ വരെ എത്തിയ ശേഷമാണ് കോഹ്‌ലിയുടെ ബാംഗ്ലൂർ കിരീടം വിട്ടുകളഞ്ഞത്.

ഐപിഎൽ 2016 സീസണിൽ ഫൈനലിൽ പ്രവേശിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് സീസണിലും അത്ര മികച്ച പ്രകടനം പുറത്തെടുക്കാനും ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. 2017ൽ എട്ടാമതും 2018ൽ ആറാമതും അവസാനിപ്പിച്ച ബാംഗ്ലൂരിന് മുന്നിൽ ആ ചീത്ത പേര് മായിക്കുകയെന്ന വലിയ കടമ്പയാണുള്ളത്. ഉദ്ഘാടന മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ് ബാംഗ്ലൂർ.

താരനിരയിൽ ഇത്തവണയും ഒട്ടും പിന്നിലല്ല റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. തകർപ്പൻ ഫോമിൽ തുടരുന്ന നായകൻ കോഹ്‌ലി തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ഒപ്പം എ ബി ഡിവില്ലിയേഴ്സ് എന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസവും. ക്രിസ് ഗെയ്‌ലിന് പകരം ബാംഗ്ലൂർ വിൻഡീസിൽ നിന്ന് എത്തിച്ചിരിക്കുന്നത് ഹെറ്റ്മയറെന്ന തകർപ്പൻ ഹിറ്ററെയാണ്. മലയാളി താരം ദേവദത്ത് പടിക്കലും മിലിന്ദ് കുമാറുമാണ് ബാറ്റിങ് നിരയിലെ മറ്റ് ഇന്ത്യൻ താരങ്ങൾ.

ഇന്ത്യൻ താരം ഉമേഷ് യാദവ് നേതൃത്വം നൽകുന്ന ബോളിങ് നിരയും കരുത്തർ തന്നെ. ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹലിനാകും സ്‌പിൻ ചുമതല. ന്യൂസിലൻഡ് താരം ടിം സൗത്തി ഓസ്ട്രേലിയൻ താരം നഥാൻ കൗൾട്ടർനിൽ എന്നിവർക്കൊപ്പം മുഹമ്മദ് സിറാജ് കൂടി എത്തുന്നതോടെ എതിരാളികൾ വിയർപ്പൊഴുക്കുമെന്ന് ഉറപ്പാണ്.

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ തകർപ്പൻ പ്രകടനവുമായി തിളങ്ങിയ മാർക്കസ് സ്റ്റേയിനിസാണ് ടീമിലെ പ്രധാന ഓൾറൗണ്ടർ. രഞ്ജി ട്രോഫിയിൽ തുടർച്ചയായി അഞ്ച് പന്തുകൾ സിക്സർ പായിച്ച ശിവം ദുബെയെ വൻ തുക മുടക്കിയാണ് ബാംഗ്ലൂർ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം കാത്തിരിക്കുന്ന വാഷിങ്ടൻ സുന്ദറും കോളിൻ ടി ഗ്രാൻഡ്ഹോമും മോയിൻ അലിയും എല്ലാം ചേരുന്നതോടെ ടീം സജ്ജമെന്ന് ഉറപ്പിക്കാം.

കിരീടത്തിൽ കുറഞ്ഞതൊന്നും മറ്റ് ടീമുകളെപോലെ തന്നെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ബാംഗ്ലൂരിനെ സംബന്ധിച്ചിടത്തോളം അത് വെറും കിരീട പോരാട്ടം മാത്രമല്ല. അഭിമാന പോരാട്ടം കൂടിയാണ്. അതുകൊണ്ട് തന്നെ കോഹ്‌ലിയും സംഘവും ഇത്തവണ കിരീടം സ്വന്തമാക്കാൻ തന്നെയാകും ഇറങ്ങുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ