മുംബൈ: പ്രമുഖ താരങ്ങള്‍ പലരും തഴയപ്പെട്ടപ്പോഴും ഐപിഎല്‍ ലേലത്തില്‍ ആരും പ്രതീക്ഷിക്കാത്ത പല യുവതാരങ്ങളും വന്‍ നേട്ടങ്ങളുണ്ടാക്കി. 8.4 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തി മുതല്‍ 16 കാരന്‍ പ്രയാസ് റായ് ബര്‍മ്മന്‍ വരെ. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയാണ് പ്രയാസ്.
രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കായി ട്രയല്‍സ് അറ്റന്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രയാസിനെ വിധി എത്തിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലായിരുന്നു. പക്ഷെ അതിപ്പോൾ അനുഗ്രഹമായെന്നാണ് പ്രയാസ് പറയുന്നത്. കാരണം, വിരാട് കോഹ്‌ലിയാണ്. തന്റെ പ്രിയപ്പെട്ട താരത്തോടൊപ്പം കളിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ ലെഗ് സ്പിന്നര്‍.
”ഇന്ത്യയിലെ ഏത് യുവ താരത്തേയും പോലെ വിരാട് തന്നെയാണ് എന്റെയും റോള്‍ മോഡല്‍. വിരാടിനൊപ്പം ഒരു സെല്‍ഫിയെടുക്കുക എന്നത് എന്റെ എന്നത്തേയും ആഗ്രഹമായിരുന്നു. ഇനി ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരേ ഡ്രെസിങ് റൂമും പങ്കിടും. അവിശ്വസനീയമാണിത്. കോഹ്‌ലിയേയും ഡിവില്ലേഴ്‌സിനേയും പോലുള്ള താരങ്ങള്‍ക്കൊപ്പം ഡ്രെസിങ് റൂം പങ്കിടുന്നതും പ്രാക്ടീസ് ചെയ്യുന്നതും ഇടപെടുന്നതുമെല്ലാം ഒരുപാട് പഠിക്കാനുള്ള അവസരമാണ്” പ്രയാസ് പറയുന്നു.
ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതിയാണ് പ്രയാസ്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 1.5 കോടി നല്‍കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ പാളയത്തിലെത്തിച്ചത്.