ഐപിഎല്ലിന്റെ പുതു പതിപ്പിന് അരങ്ങുണരും മുമ്പ് നടന്ന താരലേലം പതിവു പോലെ അപ്രതീക്ഷിത മുന്നേറ്റങ്ങളും വീഴ്ചകളും തിരിച്ചു വരവുമെല്ലാം നിറഞ്ഞതായിരുന്നു. ഇതുവരെ കേട്ടു പരിചയമില്ലാതിരുന്ന യുവതാരങ്ങള്‍ കോടികള്‍ സ്വന്തമാക്കുന്നതിനും മുഹമ്മദ് ഷമിയെ പോലെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍ വമ്പന്‍ നേട്ടമുണ്ടാക്കുന്നതുമെല്ലാം കണ്ടു. എന്നാല്‍ ക്രിക്കറ്റ് പ്രേമികളെ ഒന്നാകെ അമ്പരപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ യുവരാജ് സിങ്ങിന് വേണ്ടി ആരും മുന്നോട്ട് വരാതെ നിന്നത്.

ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവി എടുക്കാ ചരക്കായി മാറി നില്‍ക്കേണ്ടി വന്ന ആ നിമിഷത്തെ ഓര്‍ത്ത് ഇന്ത്യന്‍ ആരാധകരെല്ലാം ഒരുപോലെ വിഷമിച്ചു. 2011 ലോകകപ്പ് തന്റെ ജീവന്‍ നല്‍കിയായിരുന്നു യുവരാജ് രാജ്യത്തിന് നേടി കൊടുത്തത്. സൗരവ് ഗാംഗുലിയുടെ കീഴില്‍ ഇന്ത്യയെ ജയിക്കാന്‍ പഠിപ്പിച്ച സംഘത്തിലെ അവസാന കണ്ണികളൊരാളാണ് യുവി. അങ്ങനെയൊക്കെ ഏതൊരു ഇന്ത്യന്‍ ആരാധകന്റേയും നൊസ്റ്റാള്‍ജിയയുടെ ഭാഗമായ യുവി ആര്‍ക്കും വേണ്ടാത്തവനായി നില്‍ക്കേണ്ടി വരുന്ന അവസ്ഥ ആരാധകരുടെ നെഞ്ച് പിളര്‍ക്കുന്നതായിരുന്നു.

യുവി തഴയപ്പെട്ടവനായതിന്റെ വിഷമത്തില്‍ ഇരിക്കെയാണ് ലേലത്തിന്റെ രണ്ടാം ഘട്ടത്തില്‍ യുവരാജിന്റെ പേര് വീണ്ടും വരുന്നത്. ഇത്തവണ യുവരാജിനെ ഒരു കോടി നല്‍കി മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. യുവരാജ് മുംബൈയ്ക്കായി കളിക്കുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ടതാണ്. പക്ഷെ യുവരാജിനെ, ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നായ മുംബൈ സ്വന്തമാക്കിയത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷിപ്പിക്കുന്നതാണ്. ആരുമല്ലാതെ, ഒരിക്കല്‍ കൂടി തിളങ്ങാന്‍ അവസാന അവസരം പോലുമില്ലാതെ അവസാനിക്കാന്‍ പോകുമായിരുന്ന തങ്ങളുടെ ഓര്‍മ്മകളെയാണ് ആരാധകര്‍ക്ക് മുംബൈ തിരിച്ചു നല്‍കിയത്.

തന്റെ പ്രതിഭയുടെ നിഴല്‍ മാത്രമാണിന്ന് യുവരാജ്. പഴയതുപോലെ റണ്‍ കണ്ടെത്താനാകുന്നില്ല. വിക്കറ്റിനിടയിലെ ഓട്ടത്തിനും വേഗതയില്ല. ഫീല്‍ഡില്‍ ഒരു കാലത്ത് പറന്നു നടന്നിരുന്ന യുവി ഇന്ന് കിതക്കുന്നു. പന്തെറിയുന്നില്ല. അതുകൊണ്ടു തന്നെ ഇനിയൊരു തിരിച്ചു വരവെന്നത് യുവിയെ സംബന്ധിച്ചു ഏറെ കഷ്ടമാണ്. എന്നിരുന്നാലും തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഐപിഎല്ലിന്റെ പടിക്കു പുറത്താക്കാതെ സ്വന്തമാക്കിയ മുംബൈയ്ക്ക് നന്ദി പറയുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ നിറയെ മുംബൈയോടുള്ള നന്ദി പറഞ്ഞുള്ള ആരാധകരുടെ സന്ദേശങ്ങളാണ്.

തന്റെ പുതിയ ടീമായ മുംബൈയിലേക്ക് വരുന്നതിലെ സന്തോഷവും പ്രിയ സുഹൃത്ത് രോഹിത് ശര്‍മ്മയെ വീണ്ടും കാണാന്‍ സാധിക്കുന്നതിലെ സന്തോഷവും യുവരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook