മുംബൈ: ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ പേസര്‍ അശോക് ദിന്‍ഡ. തനിക്കെതിരായ അധിക്ഷേപകരമായ ട്വീറ്റിനെതിരെയാണ് ദിന്‍ഡ രംഗത്തെത്തിയത്. പഞ്ചാബിനെതിരായ മത്സരത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റാണ് ദിന്‍ഡയെ ചൊടിപ്പിച്ചത്.

ഐപിഎല്‍ ലേലത്തില്‍ ആരാലും എടുക്കാതെ പോയ താരമാണ് ദിന്‍ഡ. എന്നാല്‍ ഈ സീസണില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ നേരിട്ട താരവുമാണ് ദിന്‍ഡ. ഐപിഎല്ലില്‍ സാധാരണയില്‍ കവിഞ്ഞ് റണ്‍സുകള്‍ വഴങ്ങളെ ദിന്‍ഡ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെന്ന് വിളിച്ചാണ് അധിക്ഷേപിക്കുന്നത്. ഇന്ത്യന്‍ താരം ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ജയ്‌ദേവ് ഉനദ്കട്ട് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ ‘ദിന്‍ഡ അക്കാദമി’യില്‍ നിന്നും പഠിച്ച് പാസായവരാണ്.

ഉമേഷ് യാദവിനെതിരായ ട്രോളുകള്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് നല്‍കിയ മറുപടിയാണ് ദിന്‍ഡയെ ചൊടിപ്പിച്ചത്. കിങ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് ‘ദിന്‍ഡ അക്കാദമി, എന്താണത്?’ എന്ന് റോയല്‍ ചലഞ്ചേഴ്‌സ് ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അമര്‍ഷത്തിന് ഇരയായി. തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ട്വീറ്റ് പിന്‍വലിച്ചു എന്നാല്‍ അതുകൊണ്ട് ദിന്‍ഡയെ തൃപ്തപ്പെടുത്താനായില്ല. റോയല്‍ ചലഞ്ചേഴ്‌സ് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ദിന്‍ഡ രംഗത്തെത്തുകയായിരുന്നു.

ട്രോളുകള്‍ക്കെതിരെ പ്രതികരിക്കേണ്ടെന്നാണ് താന്‍ ഇത്രയും നാള്‍ കരുതിയിരുന്നതെന്നും എന്നാല്‍ തന്റെ കുടുംബത്തെ വരെ അപമാനിക്കുകയാണ്. തന്റെ ഭാര്യയേയും മകളേയും വരെ അപമാനിക്കുന്നു. ഇതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ഒരു ഫ്രാഞ്ചൈസിയെന്ന നിലയില്‍ ആര്‍സിബി എങ്ങനെയാണ് ഇത്ര നിരുത്തരവാദികളാവുക. തന്റേത് അത്ര മോശം റെക്കോര്‍ഡല്ലെന്നും ദിന്‍ഡ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം തനിക്കെതിരായ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കെതിരെ കണക്ക് വച്ച് ദിന്‍ഡ മറുപടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരം റോയല്‍ ചലഞ്ചേഴ്‌സിനെതിരെ രംഗത്തെത്തിയത്. അവരുടെ അഭിപ്രായങ്ങളല്ല തന്റെ യഥാര്‍ത്ഥ്യമെന്നായിരുന്നു ദിന്‍ഡയുടെ പ്രതികരണം.


നേരത്തെ റോയല്‍ ചലഞ്ചേഴ്‌സിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് ദിന്‍ഡ. 2017 ല്‍ പൂനെയ്ക്കു വേണ്ടിയാണ് ദിന്‍ഡ അവസാനം ഐപിഎല്‍ കളിച്ചത്. 78 മത്സരങ്ങളില്‍ നിന്നും 69 വിക്കറ്റെടുത്തിട്ടുണ്ട് ദിന്‍ഡ. 8.2 ആണ് ഇക്കണോമി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook