Latest News

കാന്‍സര്‍ ബാധിച്ച കുഞ്ഞ് ആരാധകന് ‘സൂപ്പര്‍ഹീറോ’ ആയി യുവരാജ് സിങ്

ഇത് കൊണ്ടാണ് ജീവിതത്തില്‍ യുവരാജ് ഒരു സൂപ്പര്‍ഹീറോ ആവുന്നതെന്ന് ആരാധകര്‍

കട്ടക്ക്: യുവരാജ് സിങ് എന്ന പേരിനെ ക്രിക്കറ്റ് ലോകം നെഞ്ചോട് ചേര്‍ത്ത ഒരു കാലമുണ്ടായിരുന്നു. എതിര്‍ ടീമിലെ ബോളര്‍മാരെ അടിച്ച് പറത്തുന്ന യുവരാജിന്റെ മികവിലാണ് ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളിയെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ ടീമിലെ യുവരാജ കുമാരന് ലോകകപ്പിന് ശേഷം തന്റെ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. കാന്‍സര്‍ രോഗം പിടിപെട്ടിട്ടും തോല്‍ക്കാത്ത മനസുമായി യുവരാജ് പലവട്ടം ക്രീസില്‍ തിരിച്ചെത്തിയെങ്കിലും പഴയ യുവിയെ ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.

എന്നാല്‍ കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി അദ്ദേഹം എന്നും ആരാധകരുടെ മനം നിറയാറുണ്ട്. ഒന്നാം വയസുമുതല്‍ രക്താര്‍ബുദ ബാധിതനായ കുരുന്ന് ആരാധകന് ആശ്വാസവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഇന്‍ഡോറിലെ ഹോക്കര്‍ സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുന്ന പഞ്ചാബ് ടീമിന്റെ പരിശീന സെഷനില്‍ വച്ച് അര്‍ബുദത്തിനെതിരേ പോരാടുന്ന 11 കാരനായ റോക്കി ഡ്യൂബെയ്ക്ക് ടീം ജെഴ്‌സിയും തൊപ്പിയും ബാഗും യുവരാജ് സിങ് സമ്മാനമായി നല്‍കി.

കിങസ് ഇലവന്‍ പഞ്ചാബ് ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവരാജിന്റെ പ്രവൃത്തിയെ പുകഴ്ത്തി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് കൊണ്ടാണ് ജീവിതത്തില്‍ യുവരാജ് ഒരു സൂപ്പര്‍ഹീറോ ആവുന്നതെന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. യുവരാജ് സിങിനെ കാലം ഓര്‍ത്തു വയ്ക്കുന്നത് ബ്രോഡിനെ നാനാ ദിശയിലേക്കും വേലികെട്ടുകള്‍ക്ക് മുകളില്‍ പറത്തി എന്നൊരു കാര്യം കൊണ്ടോ അസംഖ്യം വിജയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേടിക്കൊടുത്തു എന്നത് കൊണ്ടോ ആയിരിക്കില്ല, മറിച്ചു അയാള്‍ ഒരു പോരാളി ആയത് കൊണ്ട് തന്നെയാകും. ക്യാന്‍സറിന്റെ നീരാളി പിടിത്തത്തില്‍ നിന്നു മാറാന്‍ കീമോ തെറാപ്പിയുടെ മരുന്ന് മണമുള്ള ആശുപത്രി കിടക്കയില്‍ നിന്നു തിരിച്ചു വന്നു ക്രിക്കറ്റ് കളിക്കുക എങ്കില്‍ ആ മനുഷ്യനെ ഒരു സല്യൂട്ട് നല്‍കുക തന്നെ വേണമെന്ന് ഒരു ആരാധകന്‍ പറഞ്ഞു.

2000 ല്‍ ക്രിക്കറ്റില്‍ എത്തി അതിനു ശേഷം ഏറെക്കാലം ഇന്ത്യന്‍ ഏകദിന ടീമിന്റെ അഭിവാജ്യ ഘടകമായിരുന്ന യുവരാജിന് കാന്‍സര്‍ ആണെന്ന് ആദ്യമായി അറിയുന്നത് ഇന്ത്യയില്‍ വച്ചു നടന്ന 2011 വേള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇടയിലാണ്. ഒരു ദിവസം രാത്രിയില്‍ ഉറക്കമുണര്‍ന്ന യുവരാജിന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും ചുമയും ഉണ്ടായി. ആ ബുദ്ധിമുട്ടുകള്‍ അന്ന് അയാള്‍ സാരമാക്കിയിരുന്നില്ല. സച്ചിനു വേണ്ടി ആ ലോകകപ്പ് നേടിയെടുക്കണം എന്ന് മാത്രം ചിന്തിച്ചു കൊണ്ട് അയാള്‍ കളിക്കളത്തില്‍ എത്തി. പല മല്‍സരങ്ങളും വിജയിപ്പിച്ചു. വേള്‍ഡ് കപ്പിന് ശേഷം നടത്തിയ പരിശോധനയില്‍ ഒരു ട്യൂമര്‍ നെഞ്ചിന്റെ ഭാഗത്തു വളരുന്നു എന്നറിഞ്ഞു. പക്ഷെ അയാള്‍ അത് കാര്യമാക്കിയില്ല. ക്രിക്കറ്റ് കളി തുടര്‍ന്നു. പക്ഷെ പിന്നീട് അടുത്ത വര്‍ഷം ജനുവരിയില്‍ ആണ് അറിഞ്ഞത് അതൊരു മാലിഗ്‌നന്റ് ട്യൂമര്‍ അഥവാ കാന്‍സര്‍ ആണെന്ന്.

ഹൃദയത്തിനും ലങ്‌സിനും ഇടയില്‍ വളര്‍ന്ന ആ ട്യൂമര്‍ ഏകദേശം 14 സെന്റിമീറ്റര്‍ വളര്‍ച്ചയുള്ളത് ആയിരുന്നു. ഒരു ബാളിന്റെ രൂപത്തില്‍ ഹൃദയത്തിന്റെ പകുതിയോളം മറച്ച ഒരു വളര്‍ച്ച. ഒടുവില്‍ കീമോതെറാപ്പിയും അനുബന്ധ ആയുര്‍വേദ ചികിത്സയ്ക്കും അദ്ദേഹം വിധേയനായി. തിരിച്ചു വരവിനു വേണ്ടി യുവരാജ് കൊതിച്ചു. അതിനു വേണ്ടി പ്രയത്‌നിച്ചു, ഇന്ത്യക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങി മല്‍സരങ്ങള്‍ വിജയിപ്പിച്ചു.

യുവരാജ് അടുത്തിടെ തന്റെ അസുഖത്തെ പറ്റി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ് ” കാൻസർ എന്നാൽ മരണം എന്നല്ല അർത്ഥം, ജീവിതം നമ്മളെ വീഴ്ത്തുമ്പോൾ കിടന്നു പോകരുത് അവിടെ നിന്നു മുന്നോട്ട് വരണം. മുന്നോട്ട് നടക്കാൻ ആണ് പ്രയാസം, തളർന്നു കിടക്കാൻ അല്ല. ഞാൻ തിരിച്ചു വന്നു ഇന്ത്യക്ക് വേണ്ടി കളിച്ചു. എന്തെന്നാൽ ഞാൻ പോസറ്റീവ് ആയൊരു ആളാണ്‌.”

ഇന്ന് യുവി കാൻ എന്ന തന്റെ സന്നദ്ധ സേവന സംഘടനയിലൂടെ ഒരുപാട് കാൻസർ രോഗികൾക്ക് ധന സഹായവും രോഗ വിമുക്തിയും നേടി കൊടുക്കാൻ യുവരാജിന് കഴിയുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുപത്തി അഞ്ചോളം കുട്ടികളുടെ വിദ്യാഭ്യാസവും ആ സംഘടന വഴി നടത്തുന്നുണ്ട്. യുവരാജ് ഒരു വഴികാട്ടി തന്നെയാണ്, വീണു പോകാതെ മുന്നോട്ട് നടക്കാൻ, കാൻസർ ട്രീറ്റ്‌മെന്റിന്‌ ശേഷം ഒരു വർഷത്തിനുള്ളിൽ യുവരാജ് കളത്തിൽ മടങ്ങിയെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2018 yuvraj singh meets young fan suffering from cancer twitter lauds him

Next Story
രാജസ്ഥാനെതിരായ തോൽവി; ബോളർമാരെ കുറ്റപ്പെടുത്തി ക്യാപ്റ്റൻ കൂൾ എം.എസ്.ധോണിipl 2018, indian premier league, rr vs csk, rajasthan royals, chennai super kings, jos buttler, buttler rr, buttler csk, cricket news, sports news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express