scorecardresearch
Latest News

‘ഇതൊക്കെ സിമ്പിളല്ലേ ചേട്ടാ!’; പറന്നുയര്‍ന്ന് ഒറ്റക്കയ്യില്‍ യൂസഫ് പഠാന്റെ തകര്‍പ്പന്‍ ക്യാച്ച്

അഞ്ച് റണ്‍സിന് കളി ജയിച്ച സണ്‍റൈസേഴ്‌സ് പ്ലേ ഓഫ ഉറപ്പിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 146 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരുവിന് 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഹൈദരാബാദ്: ബാംഗ്ലൂർ നായകന്‍ വിരാട് കോഹ്‌ലിയെ പറന്ന് പിടിച്ച് യൂസഫ് പഠാന്‍. ഹൈദരാബാദ് അഞ്ച് റണ്‍സിന് ജയിച്ച മൽസരത്തിലായിരുന്നു യൂസഫിന്റെ തകര്‍പ്പന്‍ ക്യാച്ച്.

39 റണ്‍സെടുത്ത് ബാറ്റ് ചെയ്യുകയായിരുന്ന കോഹ്‌ലി ഹൈദരാബാദിന്റെ ബംഗ്ലാ താരം ഷാക്കിബ് അല്‍ ഹസന്റെ പന്തിലാണ് പുറത്തായത്. തലയ്ക്ക് മുകളിലൂടെ പറന്ന പന്ത് തന്റെ ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത പഠാന്‍ ചാടി ഒറ്റക്കയ്യില്‍ ക്യാച്ച് ചെയ്യുകയായിരുന്നു.

ക്യാച്ചെടുത്ത ശേഷം അമിതാവേശമൊന്നും കാണിക്കാതെ വളരെ സിമ്പിളായി ചിരിച്ചു കൊണ്ടാണ് പഠാന്‍ ആഘോഷിച്ചത്. വിരാട് കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് അവസാനം കുറിച്ചതോടെ ഹൈദരാബാദ് വിജയ വഴിയിലേക്ക് മടങ്ങി എത്തുകയായിരുന്നു.

അതേസമയം, അഞ്ച് റണ്‍സിന് കളി ജയിച്ച സണ്‍റൈസേഴ്‌സ് പ്ലേ ഓഫ ഉറപ്പിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 146 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരുവിന് 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അവസാന ഓവറിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചത്. ഭുവിയുടെ അവസാന ഓവറില്‍ ബാംഗ്ലൂരുവിന് വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ കോളിന്‍ ഡിഗ്രാന്‍കോമിനെ പുറത്താക്കി ഭുവി വിജയം ഉറപ്പിക്കുകയായിരുന്നു.

സ്‌പിന്നര്‍മാരായ റാഷിദ് ഖാനും ഷാക്കിബ് അല്‍ ഹസനും നിർണായകമായ വിക്കറ്റുകള്‍ പിഴുതതും ഹൈദരാബാദിനെ വിജയത്തിലേക്ക് അടുപ്പിച്ചു. തോല്‍വിയോടെ ബാംഗ്ലൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇനി പ്രവേശിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

നേരത്തെ ടോസ് നേടിയ ബാംഗ്ലൂരു ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കോഹ്‌ലിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ബാംഗ്ലൂരുവിന്റെ ബോളിങ് പ്രകടനം. തുടക്കത്തില്‍ തന്നെ ധവാനേയും അലക്‌സ് ഹെയില്‍സിനേയും ഹൈദരാബാദിന് നഷ്ടമായി. ഒരുഘട്ടത്തില്‍ മൂന്ന് വിക്കറ്റില്‍ 48 റണ്‍സ് എന്ന നിലയിലെത്തിയിരുന്നു ഹൈദരാബാദ്.

പിന്നീട് നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണും (56) ഷാക്കിബുമാണ് (35) ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2018 yusuf pathan takes a stunner to dismiss virat kohli