ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് തുടങ്ങിയിട്ട് കുറച്ച് കാലമായി. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ ലോകക്കപ്പിന് ശേഷമാണ് വനിതാ ക്രിക്കറ്റിന് ശരിക്കും പ്രസിദ്ധി ലഭിച്ച് തുടങ്ങിയത്. വനിതാ ക്രിക്കറ്റ് ടീമിന് ലഭിച്ച ഈ ജനപ്രീതി നഷ്ടപ്പെടുത്താതെ മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതിനിടയിലാണ് വനിതകള്‍ക്ക് വേണ്ടി ഒരു ഐപിഎല്‍ നടത്താനുള്ള അഭിപ്രായങ്ങളുമായി ബിസിസിഐയിനെ പലരും സമീപിച്ചത്.

വനിതാ ഐപിഎല്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്ന ഭയത്താല്‍ പ്രദർശന മത്സരം നടത്താനാണ് ബിസിസിഐയുടെ ആദ്യ തീരുമാനം. സ്മൃതി മന്ദാന നയിക്കുന്ന ട്രയൽബ്ലേസര്‍സും,ഹർമൻപ്രീത് കൗറിന്‍റെ സൂപ്പർനോവസും തമ്മില്‍ ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചിട്ടാണ് മത്സരം.

മത്സരത്തിനു മുന്നോടിയായി വനിതാ ടീമുകള്‍ക്ക് തന്റെ ആശംസകള്‍ അറിയ്യിക്കാന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിയും മറന്നില്ല. രണ്ട് ടീമുകള്‍ക്കും പ്രോത്സാഹനം നല്‍കികൊണ്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി 31 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് കോഹ്ലി പോസ്റ്റ് ചെയ്തത്.

“എല്ലാവര്‍ക്കും നമസ്കാരം. വനിതകള്‍ക്ക് വേണ്ടി ഒരു ടി20 പ്രഖ്യാപിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് മെയ്‌ 22ന് ആദ്യ മത്സരം ഉണ്ടെന്നും അറിയാന്‍ സാധിച്ചു.വരാന്‍ പോകുന്ന ലീഗ് മത്സരങ്ങള്‍ക്കുള്ള ഒരു ട്രെയിലറായി നമുക്കിതിനെ കരുതാം”, ഐപിഎല്ലില്‍ ബാംഗ്ലൂരിന്‍റെ ക്യാപ്റ്റന്‍ കൂടിയായ താരം പറഞ്ഞു.

“സ്മൃതിയ്ക്കും ,ഹർമൻപ്രീതിനും ഞാന്‍ എല്ലാ വിധ ആശംസകളും അറിയിക്കുന്നു. രാജ്യത്തിന്‌ വേണ്ടി കളിച്ച അതെ സ്പിരിറ്റോട് കൂടി തന്നെ നിങ്ങളുടെ ടീമുകളെയും കൊണ്ട് ഈ മത്സരങ്ങളെയും നേരിടുക. ആളുകളുടെ മനസ്സില്‍ ഇനിയും വനിതകളുടെ ടി20 കാണാനുള്ള ആവേശം സൃഷ്ടിക്കാന്‍ സാധിക്കണം. ഞങ്ങള്‍ എല്ലാവരും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ വിധ ആശംസകളും.”,ടീം ക്യാപ്റ്റന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് കോഹ്ലി ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഓസ്ട്രേലിയ,ഇംഗ്ലണ്ട്,ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കം പല രാജ്യാന്തര വനിതാ താരങ്ങളും വനിതകളുടെ ഈ ഐപിഎല്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ടീമംഗങ്ങള്‍:

ഐപിഎല്‍ ട്രയൽബ്ലേസര്‍സ്:അലിസ്സ ഹീലി, സ്മൃതി മന്ദഹാന (ക്യാപ്റ്റന്‍), സുസീ ബേറ്റ്സ്, ദീപ്തി ശർമ, ബെത് മൂണി, ജെമിമ റോഡ്രിഗ്സ്,ദാനിയേൽ ഹസൽ, ശിഖ പാണ്ടേ, ലീ തഹുഹു, ജുലാൻ ഗോസ്വാമി, ഏക്ത ബിഷ്ത്, പൂനം യാദവ്,ദെയലൻ ഹേമലത.

ഐപിഎല്‍ സൂപ്പർനോവാസ്:ഡാനിയേല വൈറ്റ്, മിതാലി രാജ്, മെഗ് ലാനിംഗ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), സോഫി ഡിവിൻ,എൽസിസ് പെരി, വേദാ കൃഷ്ണമൂർത്തി, മോണാ മേസ്റം, പൂജ വൃസ്തകർ, മേഗൻ ഷട്ട്,രാജേശ്വരി ഗെയ്ക്വാദ്, അനുജ പാട്ടീൽ, ടാനിയ ഭാട്ടിയ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ