ഗൗതം ഗംഭീറിനെ ഐപിഎൽ താരലേലത്തിൽ വിളിക്കാതിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ടു തവണ കൊൽക്കത്തയ്ക്ക് ഐപിഎൽ കിരീടം നേടിക്കൊടുത്ത ഗംഭീറിനെ കൊൽക്കത്ത ലേലത്തിൽ വിളിക്കാതിരുന്നത് പലരെയും അതിശയപ്പെടുത്തിയിരുന്നു. മാത്രമല്ല ഇത് വലിയ വിമർശനത്തിനിടയാക്കുകയും ചെയ്തു. കൊൽക്കത്ത ആരാധകരും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗംഭീറിനെ കൊൽക്കത്ത വേണ്ടെന്നുവച്ചതിന്റെ കാരണം കെകെആർ സിഇഒ വെങ്കി മൈസൂർ വെളിപ്പെടുത്തിയത്.

താരലേലത്തിൽ തന്നെ വിളിക്കരുതെന്ന് ഗംഭീർ ആവശ്യപ്പെട്ടിരുന്നതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ വെളിപ്പെടുത്തി. ”ലേലത്തിൽ ഗംഭീറിനെ ഞങ്ങൾ ഉറപ്പായും വിളിച്ചേനെ. എന്നാൽ ലേലത്തിനു മുൻപേ, തന്നെ ടീമിൽ നിലനിർത്താൻ ശ്രമിക്കരുതെന്ന് ഗംഭീർ അഭ്യർത്ഥിച്ചിരുന്നു. പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ ഗംഭീർ ആഗ്രഹിച്ചിരുന്നു. ഞങ്ങൾക്ക് അത് എന്താണെന്ന് അറിയില്ല. ഗംഭീറിന്റെ ആഗ്രഹത്തിന് തടസ്സം നിൽക്കണമെന്ന് തോന്നിയില്ല. അതാണ് ലേലത്തിൽ വിളിക്കാതിരുന്നത്” വെങ്കി മൈസൂർ പറഞ്ഞു.

താരലേലത്തിൽ 2 കോടിയായിരുന്നു ഗംഭീറിന്റെ അടിസ്ഥാന വില. 2 കോടി 80 ലക്ഷത്തിനാണ് ലേലത്തിൽ ഗംഭീറിനെ ഡൽഹി ഡെയർഡെവിൾസ് സ്വന്തമാക്കിയത്. ലേലത്തിൽ ഗംഭീറിനെ സ്വന്തമാക്കിയതിനുപിന്നാലെ അദ്ദേഹത്തെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. ലേലത്തിൽ ഡൽഹി വിളിച്ചതിനുപിന്നാലെ ട്വിറ്ററിൽ കൊൽക്കത്ത ആരാധകരോട് നന്ദി അറിയിച്ചുകൊണ്ടുളള വീഡിയോ ഗംഭീർ പോസ്റ്റ് ചെയ്തിരുന്നു.

ഗംഭീറിന്റെ നായകത്വത്തിൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡൽഹി ഡെയർഡെവിൾസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ