കൊല്‍ക്കത്ത: ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മൽസരത്തിലെ താരം അഫ്ഗാന്റെ യുവ സ്‌പിന്നര്‍ റാഷിദ് ഖാനായിരുന്നു. ബാറ്റുകൊണ്ടും പന്തു കൊണ്ടും പോരാത്തതിന് ഫീല്‍ഡിങ്ങിലുമെല്ലാം റാഷിദ് താരമായി മാറുകയായിരുന്നു. അഫ്ഗാന്‍ താരത്തിന്റെ ഗംഭീര പ്രകടനത്തെ ക്രിക്കറ്റ് ലോകം മുഴുവന്‍ അഭിനന്ദിക്കുകയാണ്.

ക്രിക്കറ്റ് ലോകത്തു നിന്നും റാഷിദിന് ലഭിച്ച അഭിനന്ദനങ്ങളില്‍ ആദ്യം വന്നത് ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ തെൻഡുല്‍ക്കറില്‍ നിന്നുമായിരുന്നു. കൊല്‍ക്കത്തയെ തകര്‍ത്ത് ഹൈദരാബാദ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത ഉടനെ തന്നെ സച്ചിന്‍ പ്രശംസയുമായി രംഗത്തെത്തുകയായിരുന്നു.

റാഷിദ് ഒരു മികച്ച സ്‌പിന്നര്‍ ആണെന്ന് എപ്പോഴും തോന്നിയിരുന്നുവെന്നും എന്നാല്‍ ലോകത്ത് ഇന്ന് ഈ ഫോര്‍മാറ്റില്‍ കളിക്കുന്ന ഏറ്റവും മികച്ച സ്‌പിന്നറാണ് റാഷിദ് എന്ന് ഇപ്പോള്‍ പറയാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു സച്ചിന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

പിന്നാലെ താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. റാഷിദിന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും ഇന്ത്യന്‍ ടീമിനായി കളിപ്പിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. ട്വീറ്റുകളിലായിരുന്നു മിക്കവരും ഇതാവശ്യപ്പെട്ടത്. ഇതോടെ ട്വീറ്റുകള്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി സുഷ്‌മ സ്വരാജ് രംഗത്തെത്തുകയുണ്ടായി.

എല്ലാ ട്വീറ്റുകളും വായിച്ചെന്നും പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്റെ വകുപ്പിന്റെ കീഴില്‍ വരുന്നതാണെന്നുമായിരുന്നു സുഷ്‌മയുടെ ട്വീറ്റ്. എന്നാല്‍ പിന്നീട് സുഷ്‌മ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ട്വീറ്റുകള്‍ക്ക് മറുപടിയുമായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റാഷിദ് അഫ്ഗാനിസ്ഥാന്റെ അഭിമാനമാണെന്നും റാഷിദിനെ പോലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ ഇന്ത്യയോട് നന്ദിയുണ്ടെന്നും പറഞ്ഞ പ്രസിഡന്റ് അഷ്‌റഫ് ഗാനി, റാഷിദ് ക്രിക്കറ്റ് ലോകത്തിന്റെ നേട്ടമാണെന്നും എന്നാല്‍ അവനെ ആര്‍ക്കും വിട്ടു നല്‍കില്ലെന്നും പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഐപിഎല്ലിലെ സണ്‍റൈസേഴ്‌സിന്റെ നെടുംതൂണുകളിലൊന്നായിരുന്നു റാഷിദിന്റെ പ്രകടനം. സീസണിലുടനീളം റാഷിദ് സണ്‍റൈസേഴ്‌സിനായി മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. 21 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റാഷിദ്. വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഇന്നലെ റാഷിദ് മൂന്ന് കൊല്‍ക്കത്തന്‍ താരങ്ങളെ പുറത്താക്കിയത്. മൂന്ന് വിക്കറ്റും 10 പന്തില്‍ 34 റണ്‍സും നേടിയ റാഷിദ് മൂന്ന് പേരെ പുറത്താക്കുന്നതിലും ഫീല്‍ഡിങ്ങിലും നിര്‍ണായക സാന്നിധ്യമായി മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ