രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലിനുളള ടിക്കറ്റെടുത്ത് തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ ഫൈനലിലെത്തിയത്.

ടീമിന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് മുഴുവനും പോകുന്നത് നായകന്‍ എം.എസ്.ധോണിയിലേക്കാണ്. തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധം വെടിക്കെട്ട് പ്രകടനങ്ങളായിരുന്നു ധോണി സീസണിലുടനീളം നടത്തിയത്. നിര്‍ണായകമായ മൽസരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ ധോണിയ്ക്ക് വേണ്ടി കിരീടം നേടണമെന്നാണ് ചെന്നൈ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന പറയുന്നത്.

‘ഇത്തവണ ടീം ഫൈനലിലെത്തിയപ്പോള്‍ അവന്‍ കുറച്ച് ഇമോഷണലായിരുന്നു. ടീമിനെ കുറിച്ച് വല്ലാതെ കെയര്‍ ചെയ്യുന്നയാളാണ് അവന്‍. 2008 മുതല്‍ ചെന്നൈയ്ക്കായി അവന്‍ ഒരുപാട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ അവന് വേണ്ടി ഞങ്ങള്‍ക്ക് കപ്പ് അടിക്കണം,” സുരേഷ് റെയ്‌ന പറയുന്നു.

‘വിമര്‍ശനങ്ങള്‍ക്ക് തന്റെ പ്രകടനം കൊണ്ട് മറുപടി പറയുന്നതാണ് അവന്റെ ശീലം. ചിലപ്പോഴൊക്കെ നിങ്ങള്‍ കാര്യങ്ങളെ വൈകാരികമായും സമീപിക്കേണ്ടി വരും. ധോണിയ്ക്ക് വേണ്ടി കപ്പുയര്‍ത്താന്‍ കഴിയുന്ന ഒരു ടീം ഞങ്ങള്‍ക്കുണ്ട്,” റെയ്‌ന വ്യക്തമാക്കുന്നു.

അതേസമയം, ടീമിലെ മുതിര്‍ന്ന താരങ്ങളായ ഷെയ്ന്‍ വാട്‌സണേയും അമ്പാട്ടി റായിഡുവിനേയും പ്രശംസിക്കാനും റെയ്‌ന മറന്നില്ല. ഐപിഎല്‍ ലേലത്തിന്റെ സമയത്ത് ചെന്നൈയെ വയസന്‍ പടയെന്ന് പറഞ്ഞായിരുന്നു വിമര്‍ശിച്ചിരുന്നത്. എന്നാല്‍ അനുഭവ സമ്പത്ത് കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്നും റെയ്‌ന പറയുന്നു.

സീസണിലുടനീളം ഒരു ടീമെന്ന രീതിയില്‍ തന്നെയാണ് തങ്ങള്‍ ബാറ്റ് ചെയ്തതെന്നും വാട്‌സണും റായിഡുവും നല്ല തുടക്കം നല്‍കിയെന്നും താനും ധോണിയും അത് പിന്തുടര്‍ന്നുവെന്നും റെയ്‌ന ഓര്‍മ്മപ്പെടുത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഇന്നത്തെ മൽസരത്തിലെ വിജയിയെയാകും ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ചെന്നൈ നേരിടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook