റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സിന്റെ കൂറ്റൻ സിക്സ് ആരാധകരെ മാത്രമല്ല ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും ഞെട്ടിച്ചു കളഞ്ഞു. 2018 ഐപിഎൽ ലീഗിലെ ഏറ്റവും വലിയ സിക്സ് ആയിരുന്നു ഡിവില്ലിയേഴ്സ് ഉയർത്തിയത്.

205 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് അനായാസം എത്തിയത് ഈ പോര്‍ട്ടീസ് താരത്തിന്റെ പ്രകടനമികവുകൊണ്ടായിരുന്നു. നാട്ടുകാരനായ ഡി കോക്കുമൊത്ത് 103 റണ്‍സാണ് ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തത്. രണ്ട് പേരും ചേര്‍ന്നത് ചിന്നസ്വാമി സ്‌റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ സിക്‌സ് മഴയില്‍ മുക്കുകയായിരുന്നു.

8 സിക്സും രണ്ടു ഫോറും ഉൾപ്പെടെ 30 പന്തില്‍ നിന്നും 68 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് റെക്കോര്‍ഡ് സിക്‌സും ആരാധകര്‍ക്കായി സമ്മാനിച്ചു. ദക്ഷിണാഫ്രിക്കന്‍ താരമായ ഇമ്രാന്‍ താഹിറിനെ ബൗണ്ടറി ലൈനും സ്റ്റേഡിയയവും കടത്തിയാണ് ഡിവില്ലിയേഴ്‌സ് ആരാധകരെ ഞെട്ടിച്ചത്. 111 മീറ്ററായിരുന്നു സിക്‌സിന്റെ ദൂരം. ചെന്നൈയുടെ ബോളർ ഷാർദുൽ താക്കൂറിനെ തുടരെത്തുടരെ മൂന്നു സിക്സുകൾ പായിച്ചാണ് ഡിവില്ലിയേഴ്സ് അർധ സെഞ്ചുറി തികച്ചത്.

ഡിവില്ലിയേഴ്സിന്റെ കൂറ്റൻ സിക്സ് ബാംഗ്ലൂർ ആരാധകരെ മാത്രമല്ല ചെന്നൈ ആരാധകരെയും അതിശയപ്പെടുത്തി. ഒപ്പം ബംഗ്ലൂരിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും. ഡിവില്ലിയേഴ്സിന്റെ കൂറ്റൻ സിക്സ് കണ്ട കോഹ്‌ലിക്ക് അത് വിശ്വസിക്കാനായില്ല. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കൊടുങ്കാറ്റായി മാറിയ ധോണിയ്ക്ക് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ഒന്നുമല്ലതായി മാറി. രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.

ധോണിയുടേയും അമ്പാട്ടി റായിഡുവിന്റേയും ബാറ്റിങ് മികവാണ് പടുകൂറ്റന്‍ സ്‌കോര്‍ മറി കടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ സഹായിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്‌സും ഒരു ഫോറുമായി 70 റണ്‍സെടുത്ത ധോണി നിറഞ്ഞാടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ