ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായകമായ അവസാന മത്സരത്തില്‍ രാജസ്ഥാനോട് 30 റണ്‍സിന് തോറ്റാണ് ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സ് പ്ലേഓഫ് കാണാതെ പുറത്തായത്. പതിവ് പോലെ എബി ഡിവില്ലിയേഴ്സ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ ടീം അടിയറവ് പറഞ്ഞു.

നിര്‍ണായക മത്സരത്തില്‍ തോറ്റ് ഐപിഎലില്‍ നിന്ന് പുറത്തായതോടെ മധ്യമിര ബാറ്റ്സ്മാന്‍മാരെ കുറ്റപ്പെടുത്തി നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. ഉത്തരവാദിത്തം എന്നും ഡിവില്ലിയേഴ്സില്‍ ആണെന്ന രീതിയിലാണ് മറ്റുളളവര്‍ കളിക്കുന്നതെന്ന് കോഹ്ലി പറഞ്ഞു. നിരാശയോടെയാണ് മത്സരശേഷം അദ്ദേഹം മധ്യനിര ബാറ്റ്സ്മാന്‍മാരെ കുറിച്ച് സംസാരിച്ചത്. ‘ഉത്തരവാദിത്തം എന്നും എബിയുടെ ചുമലില്‍ മാത്രം വെക്കാനാവില്ല. അദ്ദേഹം റണ്‍സുകള്‍ എന്നും നേടുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ചുറ്റും നിന്ന് മറ്റുളളവരും തങ്ങളുടേതായ സംഭാവന നല്‍കേണ്ടതുണ്ട്. എന്നാല്‍ അത് ഇതുവരെ സംഭവിച്ചിട്ടില്ല’, കോഹ്ലി പറഞ്ഞു.

എബി ഡിവില്ലിയേഴ്സ് ശക്തമായി ബാറ്റ് ചെയ്യുമ്പോള്‍ മറ്റുളളവര്‍ ക്രീസില്‍ നിന്ന് കൊടുക്കണമെന്ന ബുദ്ധി ആരും തിരിച്ചറിഞ്ഞില്ലെന്നും കോഹ്ലി ശക്തമായി പ്രതികരിച്ചു. ‘ഞങ്ങള്‍ ശക്തമായ നിലയില്‍ തന്നെയായിരുന്നു. 75/1 എന്നത് വളരെ നല്ല നില തന്നെയായിരുന്നു. എബിയെ പോലെ നിരന്തരം ബൗണ്ടറി പായിക്കാന്‍ ഒരാളുളളപ്പോള്‍ മറ്റേ അറ്റത്ത് നിന്നു കൊടുക്കുക എന്ന കടമ ആരും ചെയ്തില്ല. അദ്ദേഹം സിക്സും ഫോറും കണ്ടെത്തുമ്പോള്‍ പിന്തുണയ്ക്കണമായിരുന്നു മറ്റുളളവര്‍. കൂടുതല്‍ മികച്ച രീതിയിലുളള തീരുമാനമാണ് അവിടെ കൈക്കൊള്ളേണ്ടത്’, കോഹ്ലി തുറന്നടിച്ചു,

മധ്യനിരയിലാണ് തങ്ങള്‍ പരാജയപ്പെട്ട് പോയതെന്നും ഐപിഎലില്‍ നിന്ന് പുറത്താവാനുളള പ്രധാന കാരണം മധ്യനിരയുടെ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാല് ഓവറിൽ 16 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ബാംഗ്ലൂർ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയ‍ർത്തിയ 165 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂർ 134 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 21 പന്തില്‍ 33 റണ്‍സ് നേടിയ പാര്‍ഥിവ് പട്ടേലും 35 പന്തില്‍ 53 റണ്‍സ് നേടിയ ഡിവില്ല്യേഴ്സും മാത്രമാണ് ബാംഗ്ലൂരിനായി പൊരുതിയത്. ബെൻ ലോഹ്‌ലിനും ജയദേവ് ഉനദ്കട്ടും രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി ശ്രേയസിന് ഉറച്ച പിന്തുണ നൽകി. നേരത്തെ, 58 പന്തിൽ 80 റൺസെടുത്ത രാഹുൽ തൃപാഠിയുടെയും 33 റൺസെടുത്ത അജിങ്ക്യ രഹാനെയുടെയും 32 റൺസെടുത്ത ഹെൻ‌റിച്ച് കാൾസന്‍റെയും പ്രകടനങ്ങളാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സീസണിൽ മിന്നും ഫോമിൽ കളിക്കുന്ന മലയാളി താരം സഞ്ജു സാംസണ് ഇവിടെ അടിതെറ്റി. റൺസൊന്നുമെടുക്കാതെയാണ് സഞ്ജു പുറത്തായത്. ബംഗളൂരുവിന് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നിലവിൽ സൺറൈസേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും മാത്രമാണ് പ്ലേഓഫിലേക്ക് യോഗ്യത നേടിയത്. ഈ ജയത്തോടെ പോയിന്‍റ് നേട്ടം 14 ആക്കി ഉയർത്തിയ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി. അവശേഷിക്കുന്ന മത്സരങ്ങളിൽ കോല്‍ക്കത്തയും മുംബൈയും പഞ്ചാബും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം. പഞ്ചാബും മുംബൈയും ജയിച്ചാല്‍ മികച്ച റണ്‍റേറ്റുള്ള ടീം പ്ലേ ഓഫിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ