സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഹൈദരാബാദിലെത്തിയിട്ടുണ്ട്. മൽസരത്തിന് മുമ്പ് നഗരത്തില്‍ കറങ്ങി നടക്കുകയാണ് ബാംഗ്ലൂര്‍ താരങ്ങള്‍. ഹൈദരാബാദിലെ ഹോംലി ഭക്ഷണം കഴിക്കാനും താരങ്ങള്‍ക്ക് അവസരം ലഭിച്ചു. ടീം അംഗമായ മുഹമ്മദ് സിറാജാണ് ബാംഗ്ലൂര്‍ താരങ്ങളെ സത്കരിച്ചത്.

ഹൈദരാബാദ് ബിരിയാണിയും മറ്റ് വിഭവങ്ങളും താരങ്ങള്‍ക്ക് മുമ്പില്‍ വിളമ്പി നല്ല ആതിഥേയരായി സിറാജും കുടുംബവും മാറി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നായകന്‍ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് വട്ടേല്‍, യുസ്‍വേന്ദ്ര ചാഹല്‍ എന്നിവരടക്കമുളള താരങ്ങളാണ് സിറാജിന്റെ വീട്ടിലെത്തിയത്. ടൗളി ചോക്കിയിലെ വീട്ടിലെത്തിയ താരങ്ങള്‍ നിലത്തിരുന്നാണ് ഭക്ഷണം കഴിച്ചത്. രണ്ട് മണിക്കൂറോളം സിറാജിന്റെ വീട്ടില്‍ താരങ്ങള്‍ ചെലവഴിച്ചു.

ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയ ആശിഷ് നെഹ്‌റയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ ഹൈദരാബാദില്‍ നിന്നുമുള്ള യുവ താരമാണ് സിറാജ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സിറാജിനെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ താരത്തിന്റെ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയതായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ