തുടര്‍ച്ചയായ രണ്ടാം തവണയും ഐപിഎല്‍ പ്ലേ ഓഫ് കാണാതെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്. എന്നും വിജയച്ചിരിയോടെ മാത്രം കണ്ടിരുന്ന വിരാട് കോഹ്ലി എന്ന നായകന്‍ തല താഴ്ത്തി മടങ്ങി. തന്റെ സ്വദസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയാതെയാണ് വിരാട് മടങ്ങുന്നത്. പ്രധാനമായും സ്പിന്നര്‍മാര്‍ക്കെതിരെ. സ്പിന്‍ ബൗളിംഗിനെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പ്രഗല്‍ഭരാണെന്നിരിക്കെയാണ് വിരാട് പരാജയപ്പെടുന്നത്.

ഇന്നലെ രാജസ്ഥാന്റെ ഓള്‍ റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമിന്റെ പന്തില്‍ പുറത്തായതോടെ വിരാട് കോഹ്ലിയെ തേടി നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് കൂടിയെത്തി. ഒരു ഐപിഎല്‍ സീസണില്‍ സ്പിന്‍ ബൗളിംഗില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താകുന്ന താരമെന്ന റെക്കോര്‍ഡാണ് വിരാടിന് സ്വന്തമായത്. ഓസീസ് താരമായ ആദം ഗില്‍ക്രിസ്റ്റിനും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്കുമൊപ്പമാണ് വിരാട് ഈ റെക്കോര്‍ഡ് പങ്കിടുന്നത്.

ഐപിഎല്‍ മൂന്നാം സീസണില്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ എട്ട് തവണ വീണാണ് ഗില്ലിയ്ക്ക് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമായത്. കഴിഞ്ഞ സീസണിലാണ് രോഹിത് ഗില്ലിയ്‌ക്കൊപ്പം ചേര്‍ന്നത്. തന്റെ കരിയറില്‍ സ്പിന്‍ ബൗളിംഗിനെ വിദഗ്ധമായി നേരിട്ടിരുന്ന വിരാടിന്റെ ശ്രദ്ധ ഇപ്പോള്‍ പേസ് ബൗളിംഗിലേക്ക് മാറിയതാകാം ഈ പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഫ്ഗാനിസ്ഥാനെതിരായ ചരിത്ര ടെസ്റ്റ് ഉപേക്ഷിച്ച് കൗണ്ടിയിലേക്ക് പോകുന്ന വിരാടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇംഗ്ലണ്ടിലെ ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ സാഹചര്യം മനസിലാക്കുക എന്നതാണ്.

ഈ സീസണില്‍ യുവ സ്പിന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പോലും വിരാട് പരാജയപ്പെടുകയായിരുന്നു. 17 കാരനായ മുജീബ് റഹ്മാനും നിതീഷ് റാണയ്ക്കും മുന്നില്‍ നിശ്പ്രഭമായി പോയി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായ വിരാട്. നേടിയ റണ്‍സില്‍ ഏറിയ പങ്കും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെയായിരുന്നു. ലെഗ് സ്പിന്നര്‍മാരെ നേരിടുന്നതിലായിരുന്നു വിരാട് ഏറ്റവും കൂടുതല്‍ ക്ലേശിച്ചത്. ഹൈദരാബാദ് താരം റാഷിദ് ഖാനെതിരേയും അമിത് മിശ്രയ്‌ക്കെതിരേയുമെല്ലാം വിരാട് വന്‍ പരാജയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ