ഐപിഎല്‍ പതിനൊന്നാം സീസണില്‍ നിന്നും തലതാഴ്ത്തി മടങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രാജസ്ഥാനെതിരായ നിര്‍ണ്ണായക മത്സരത്തിലെ തോല്‍വിയോടെ ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം ബെംഗളൂരു പുറത്തായിരിക്കുകയാണ്. മികച്ച താരങ്ങളുണ്ടായിട്ടും കിരീടം ഉയര്‍ത്താനാകാതെ ആര്‍സിബിയെ ദുര്‍വിധി പിന്തുടരുകയാണ്.

വളരെ സന്തുലിതമായ ടീമുമായിട്ടായിരുന്നു ഇത്തവണ ബെംഗളൂരു എത്തിയത്. ബാറ്റിംഗിലും ബൗളിംഗിലുമൊക്കെ ജയിപ്പിക്കാന്‍ ത്രാണിയുള്ളവരുണ്ടായിരുന്നു. എന്നാല്‍ ടീം അമ്പേ പരാജയപ്പെട്ടു. ടീമിന്റെ പരാജയത്തെ കുറിച്ച്, ബൗളിംഗില്‍ ടീമിന് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്ന ഉമേഷ് യാദവ് മനസ് തുറക്കുകയാണ്.

കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ ഏറ്റുവാങ്ങിയ തോല്‍വിയെ കുറിച്ച് ഉമേഷിന് പറയാനുളളത് ഇതാണ്, ” വളരെ സ്ലോ പിച്ചായിരുന്നു. ഞങ്ങള്‍ നന്നായി തന്നെയാണ് തുടങ്ങിതും. ആറ് ഓവറില്‍ 55 റണ്‍സ് നേടി. എന്നാല്‍ പെട്ടെന്ന് മൂന്ന് വിക്കറ്റ് പോയതോടെ തളര്‍ന്നു. പാര്‍ട്ണര്‍ഷിപ്പുകള്‍ പോലുമുണ്ടായില്ല.”

ആര്‍സിബിയുടെ അറ്റാക്കിംഗ് ശൈലിയും ടീമിന് വിനയായെന്ന് ഉമേഷ് പറയുന്നു. സ്ലോ വിക്കറ്റായിരുന്നിട്ടും അറ്റാക്കിംഗില്‍ തന്നെ ശ്രദ്ധിച്ചതാണ് വിനയായതെന്നും ഉമേഷ് അഭിപ്രായപ്പെടുന്നു. അതേസമയം, നായകന്‍ വിരാട് കോഹ്ലിയുടെ സ്ഥിരതയില്ലായ്മയും പരാജയത്തിന് കാരണമായതായി ഉമേഷ് ചൂണ്ടിക്കാണിക്കുന്നു.

”അവന്‍ ഒരു മികച്ച താരമാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് റണ്‍സ് കണ്ടെത്താനായില്ല. അദ്ദേഹത്തെ പോലൊരു താരത്തെ നഷ്ടമാകുമ്പോള്‍, അതും നേരത്തെ തന്നെ, പിന്നാലെ വരുന്നവരുടെ മേലുള്ള സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും,” ഉമേഷ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ