ബെംഗളൂരു: പരാജയങ്ങള്‍ക്കിടയിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് ആശ്വാസം പകരുന്നത് പേസര്‍ ഉമേഷ് യാദവിന്റെ പ്രകടനമാണ്. ഐപിഎല്ലിലെ ലീഡില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് ഈ ഇന്ത്യന്‍ പേസറുടെ തലയിലാണ്. ഇന്നലെ ചെന്നൈയ്ക്കെതിരായ മൽസരത്തില്‍ രണ്ട് വിക്കറ്റ് നേടിയാണ് താരം പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്.
ഉമേഷ് 9 കളിയില്‍ 13 വിക്കറ്റാണ് ഇതുവരെ സ്വന്തമാക്കിയത്. തന്റെ പ്രകടനത്തില്‍ ആര്‍സിബിയുടെ ബോളിങ് കോച്ച് ആശിഷ് നെഹ്റയോട് നന്ദി പറഞ്ഞ താരം എന്നാല്‍ പര്‍പ്പിള്‍ ക്യാപ് തന്റെ ഭാര്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും പറഞ്ഞു.
‘എനിക്ക് ഒരുപാട് ആത്മവിശ്വാസം പകരുന്ന പ്രകടനമാണിത്. പര്‍പ്പിള്‍ ക്യാപ് ലഭിക്കുമ്പോള്‍ എനിക്കു തരണമെന്ന് നേരത്തെ ഭാര്യ പറഞ്ഞിരുന്നു. അതിനാല്‍ അവള്‍ക്കുള്ളതാണ് ഇത്’ ഉമേഷ് പറയുന്നു.
അതേസമയം ഇന്നലെ നടന്ന മൽസരത്തില്‍ ബാംഗ്ലൂര്‍ ചെന്നൈയോട് തോറ്റിരുന്നു. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. നാല് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റെടുത്ത ഹര്‍ഭജനുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. 32 റണ്‍സെടുത്ത റായിഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
23 പന്തില്‍ നിന്നും 31 റണ്‍സെടുത്ത നായകന് എം.എസ്.ധോണിയാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. സുരേഷ് റെയ്ന 25 ഉം ബ്രാവോ 14 റണ്‍സും നേടി മികച്ച പിന്തുണ നല്കി.
ബാംഗ്ലൂരുവിനെതിരെ ജയിക്കാന്‍ ചെന്നൈയ്ക്ക് 128 റണ്‍സ് വേണമായിരുന്നു. ചെന്നൈ ബോളര്‍മാരുടെ കരുത്തു കണ്ട മൽസരത്തില്‍ ബെംഗളൂരു ചെറിയ സ്കോറിന് ഒതുങ്ങി പോവുകയായിരുന്നു. 53 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലാണ് ബാംഗ്ലൂരുവിന്റെ ടോപ് സ്കോറര്‍.
36 റണ്‍സെടുത്ത ടിം സൗത്തി മാത്രാണ് രണ്ടക്കം കടന്ന മറ്റൊരു ബാംഗ്ലൂർ താരം. ചെന്നൈയ്ക്കായി ജഡേജ മൂന്നും ഹര്ഭജന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.