ഹൈദരാബാദ്: കൈ വിട്ട ആയുധം തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ് പറയാറ്. ക്രിക്കറ്റില്‍ ബോളര്‍മാരുടെ ആയുധം പന്താണ്. ചൊല്ലില്‍ പറയുന്ന പോലെ കൈവിട്ട ആയുധമായി മാറി ഇന്നലെത്തെ കളിയില്‍ ഉമേഷ് യാദവിന്റെ പന്തേറ്.
ഹൈദരാബാദ് നായകന് കെയിന്‍ വില്യംസണിനെതിരെ ഉമേഷ് എറിഞ്ഞ, 15-ാം ഓവറിലെ മൂന്നാമത്തെ പന്താണ് കൈവിട്ട ആയുധമായി മാറിയത്. റണ്ണപ്പ് എടുത്തു വന്ന ഉമേഷിന് പന്തിന്മേലുള്ള നിയന്ത്രണം നഷ്ടമാവുകയും പന്ത് മുകളിലേക്ക് തെറിച്ച് പോവുകയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ വില്യംസണും ഉമേഷും കോഹ്ലിയുമെല്ലാം ചിരിച്ചു പോയി.
ക്രിക്കറ്റില്‍ ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്. പലപ്പോഴും അത് സമ്മാനിക്കുക നര്‍മ്മത്തിന്റെ നിമിഷങ്ങളായിരിക്കും. ചിലപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത് ബാറ്റ്സ്മാന്മാര് പന്തിന് പിന്നാലെ പോയി അടിക്കുന്നതും കണ്ടിട്ടുണ്ട്.
അതേസമയം, അഞ്ച് റണ്‍സിന് കളി ജയിച്ച സണ്‍റൈസേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 146 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരുവിന് 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അവസാന ഓവറിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചത്. ഭുവിയുടെ അവസാന ഓവറില്‍ ബാംഗ്ലൂരുവിന് വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ കോളിന് ഡിഗ്രാന്കോമിനെ പുറത്താക്കി ഭുവി വിജയം ഉറപ്പിക്കുകയായിരുന്നു.