മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണിന് ഏപ്രില്‍ ഏഴിന് തുടക്കമാകും. മുംബൈ വാങ്കടെ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടനം മത്സരം നടക്കുന്നത്. അതേസമയം ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിനും ഫൈനല്‍ മെയ് 27നും മുംബൈയില്‍ നടക്കും. ഐപിഎല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചത്.

അതേസമയം മത്സരങ്ങൾ ആരംഭിക്കുന്ന സമയം പരിഷ്കരിച്ചിട്ടുണ്ട്. ദിവസവും വൈകിട്ട് അഞ്ചരയ്ക്കും ഏഴ് മണിക്കുമാണ് മത്സരങ്ങള്‍ തുടങ്ങുക. നേരത്തെ എട്ട് മണിക്കും നാല് മണിക്കുമാണ് മത്സരങ്ങൾ നടത്തിയിരുന്നത്. മത്സര സമയത്തില്‍ മാറ്റം വരുത്തണമെന്ന സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്‍റെ ആവശ്യം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബിന് ഹോം മത്സരങ്ങളില്‍ നാലെണ്ണം മൊഹാലിയിലും മൂന്നെണ്ണം ഇന്‍ഡോറിലും കളിക്കാന്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി നല്‍കി. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം വേദി പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളൂ. അതേസമയം 360 ഇന്ത്യന്‍ താരങ്ങളടക്കം 578 താരങ്ങള്‍ പങ്കെടുക്കുന്ന ഐപിഎല്‍ ലേലം ജനുവരി 27, 28 തിയ്യതികളില്‍ ബെംഗളുരുവില്‍ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ