ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാൻ ആരെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരമായിരിക്കും. എന്നാൽ ഐപിഎൽ തുടങ്ങിയത് മുതൽ ഇന്നേവരെയുളള റൺവേട്ടയിൽ മുന്നിൽ നിന്നത് ഇന്ത്യൻ നായകനും റൺ മെഷീനുമായ വിരാട് കോഹ്ലിയായിരുന്നു.

താരത്തിന്റെ ഈ റെക്കോഡ് തിരുത്തി സ്വന്തം പേരിലാക്കിയിരിക്കുകയാണ് സുരേഷ് റെയ്‌ന. ഇന്നലെ നടന്ന മത്സരത്തിലാണ് റെയ്‌ന ഈ നേട്ടം സ്വന്തമാക്കിയത്. 169 മത്സരങ്ങളിൽ നിന്ന് 165 ഇന്നിംഗ്‌സുകളിൽ നിന്നായി 4776 റൺസാണ് റെയ്‌നയുടെ സമ്പാദ്യം.

അതേസമയം വിരാട് കോഹ്ലി 157 മത്സരങ്ങളിലെ 149 ഇന്നിംഗ്‌സുകളിൽ നിന്നായി 4767 റൺസ് നേടിയിട്ടുണ്ട്. ഇന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലുളള മത്സരത്തിൽ കോഹ്ലി ഈ നേട്ടം തിരുത്തി വീണ്ടും തന്റെ പേരിലാക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

അതേസമയം റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുളള മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇതുവരെ നേടിയത് 4403 റൺസാണ്. മുൻ കൊൽക്കത്ത ക്യാപ്റ്റനും നിലവിൽ ഡൽഹി ഡയർഡെവിൾസിന്റെ താരവുമായ ഗൗതം ഗംഭീറാണ് നാലാം സ്ഥാനത്തുളളത്. 4217 റൺസാണ് ഗംഭീറിന്റെ സമ്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ