ഐപിഎല്ലിന്റെ ആവേശം ചോരാതെ പെണ് പടകളും. പ്ലേ ഓഫിന് മുന്നോടിയായി നടന്ന വനിതാ താരങ്ങളുടെ ട്വന്റി-20 യില്‍ ആവേശ പോരാട്ടത്തിന് ഒടുവില്‍ ഹര്മന് നയിച്ച സൂപ്പര്‍നോവാസിന് വിജയം. അവസാന പന്തിലായിരുന്നു വിജയിയെ തീരുമാനിച്ചത്. ഒരു ഘട്ടത്തില്‍ സൂപ്പര്‍നോവാസ് അനായാസമായി ജയിക്കുമെന്ന് തോന്നിയടത്തു നിന്നും മന്ദാനയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗിലൂടെ ട്രെയല്ബ്ലേസേര്സ് തിരികെ വരികയായിരുന്നു.
പുറത്താകാതെ നിന്ന എല്ലിസ് പെരിയാണ് അവസാന പന്തിലേക്ക് നീണ്ട മത്സരത്തില്‍ സൂപ്പര്നോവസിനെ വിജയത്തിലെത്തിച്ചത്. കളി അവസാന പന്തിലേക്ക് നീണ്ടതോടെ ഗ്യാലറിയിലും ആവേശം നിറഞ്ഞു. ഇതോടെ വനിതാ ഐപിഎല്ലിനായുള്ള തങ്ങളുടെ ആവശ്യം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് വനിതാ താരങ്ങള്‍. രണ്ട് വിക്കറ്റെടുത്ത പെറിയും മേഗന് ഷട്ടും സൂപ്പര്‍നോവാസിനായി ബൗളിംഗിലും തിളങ്ങി.
അതേസമയം, ട്രയല്ബ്ലേസേഴ്സിനായി ഇന്ത്യന്‍ താരം പൂനം യാദവും സൂസി ബാറ്റ്സും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, ആദ്യം ബാറ്റ്ചെയ്ത ട്രയല്ബ്ലേസേര്സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എടുത്തു. 32 റണ്‍സെടുത്ത സൂസി ബാറ്റ്സ് ആണ് ടോപ് സ്കോറര്‍. ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്രസ് 25 റണ്‍സ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ 21 റണ്‍സെടുത്തു. അതേസമയം നായിക സ്മൃതി മന്ദാനയ്ക്ക് 14 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ.
ഇന്ത്യന്‍ നായിക മിതാലി രാജും ഇംഗ്ലണ്ട് താരം ഡാനിയേല വയറ്റും മികച്ച തുടക്കം നല്‍കിയെങ്കിലും സൂപ്പര്‍ നോവാസിന് പെട്ടെന്ന് അടിതെറ്റിയിരുന്നു. മിതാലി 22 റണ്‍സും ഡാനിയേല 24 റണ്‍സുമാണ് എടുത്തത്. എന്നാല്‍ പതിയെ സൂപ്പർനോവാസ് കളിയിലേക്ക് മടങ്ങി വരികയായിരുന്നു.