ഐപിഎല്ലില്‍ അത്ഭുത ക്യാച്ചുകള്‍ പലവട്ടം നമ്മള്‍ കണ്ടിട്ടുണ്ട്. പറന്നും ഡൈവ് ചെയ്തുമെല്ലാം പല താരങ്ങളും ഗ്യാലറിയെ ഞെട്ടിച്ചിട്ടുണ്ട്. അത്തരത്തിലൊരു മനോഹര ക്യാച്ചിന് ഇന്നലെത്തെ രാജസ്ഥാന്‍ റോയല്‍സ്-കിങ്സ് ഇലവന്‍ പഞ്ചാബ് മൽസരം സാക്ഷ്യം വഹിക്കുകയുണ്ടായി.

രാജസ്ഥാന്‍ താരം ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കിയ ക്യാച്ചിനെ വിശേഷിപ്പിക്കേണ്ടത് ടീം വര്‍ക്കിന്റെ വിജയമായിട്ടാണ്. രാജസ്ഥാന്‍ ഇന്നിങ്സിന്റെ 13-ാം ഓവറിലായിരുന്നു സംഭവം.

മുജീബ് ഉര്‍ റഹ്മാന്റെ ബോള്‍ രാജസ്ഥാന്‍ താരം സ്റ്റോക്സ് ഉയര്‍ത്തിയടിച്ചു. പന്ത് സിക്‌സാകും എന്ന് ഉറപ്പിച്ച നിമിഷം. അപ്രതീക്ഷിതമായി ബൗണ്ടറിലൈന്റെ അടുത്ത് നിന്നും മായങ്ക് ഉയര്‍ന്ന് ചാടി. പക്ഷെ ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ മായങ്കിനായില്ല. ബൗണ്ടറിലൈനിലേക്ക് വീഴാന്‍പോയ മായങ്ക് ബോള്‍ അടുത്തു നിന്ന മനോജ് തിവാരിക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു.

പന്ത് തിവാരി പിടിയിലൊതുക്കിയപ്പോഴേക്കും താരങ്ങളുടേയും ആരാധകരുടേയും മുഖത്ത് അമ്പരപ്പും ആവേശവും ഒരുപോലെ. അവിടെ പിറവിയെടുത്തത് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു.

അതേസമയം, രാജസ്ഥാനെതിരെ ആറ് വിക്കറ്റിന് പഞ്ചാബ് ജയിച്ചു. രാജസ്ഥാന്റെ 152 റണ്‍സ് പഞ്ചാബ് അനായാസം മറികടക്കുകയായിരുന്നു. പഞ്ചാബിന്റെ ആറാമത്തെ വിജയമാണിത്. 54 പന്തില്‍ നിന്നും 84 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് പഞ്ചാബിന്റെ വിജയശില്‍പ്പി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook