കൊല്‍ക്കത്ത: ഐപിഎല്‍ ഫൈനില്‍ സൗത്ത് ഇന്ത്യന്‍ പോര്. ഒന്നാം ക്വാളിഫയറിന്റെ ആവര്‍ത്തനമെന്ന തരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഇത്തവണ കലാശപോര്. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്താണ് ഹൈദരാബാദ് ഫൈനല്‍ ടിക്കറ്റെടുത്തത്. 13 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം.
175 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 161 റണ്‍സ് എടുക്കാനെ ആയുള്ളൂ. ബോളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങിയ റാഷിദ് ഖാനാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കിയത്. മൂന്ന് വിക്കറ്റും 10 പന്തില്‍ 34 റണ്‍സും നേടിയ റാഷിദ് മൂന്ന് പേരെ പുറത്താക്കുന്നതില്‍ ഫീല്‍ഡിങ്ങിലും നിര്‍ണായക സാന്നിധ്യമായി മാറി.
അതേസമയം, കൊല്‍ക്കത്തയ്ക്കായി യുവതാരം ശുഭ്മാന്‍ ഗില്ല് 20 പന്തില്‍ 30 റണ്‍സ് നേടി അവസാനം വരെ പൊരുതിയെങ്കിലും ജയത്തിലേക്കെത്തിക്കാനാവാതെ മടങ്ങുകയായിരുന്നു. ക്രിസ് ലിന്ന് 31 പന്തില്‍ 48 റണ്‍സും സുനില്‍ നരെയ്ന് 13 പന്തില്‍ 26 റണ്‍സും നിതീഷ് റാണ 22 റണ്‍സും നേടി കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു.
നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ഓപ്പണറായ വൃദ്ധിമാന്‍ സാഹ (27 പന്തില്‍ 35), ശിഖര്‍ ധവാന് (24 പന്തില്‍ 34) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്.എന്നാല്‍ ധവാനേയും വില്യംസണേയും ഒരോവറില്‍ തന്നെ കൂടാരം കയറ്റി കുല്‍ദീപ് കൊല്‍ക്കത്തയ്ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്കി.
ഹൈദരാബാദ് കളി കൈവിട്ടെന്ന് തോന്നിച്ചപ്പോള്‍ അവസാന ഓവറുകളില്‍ 10 പന്തില്‍ രണ്ടു ബൗണ്ടറിയും നാലു സിക്സും ഉള്‍പ്പെടെ 34 റണ്‍സെടുത്ത് റാഷിദ് ഖാന് ടീമിനെ പിടിച്ചുയര്‍ത്തുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.