ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ ശിവം മവിയും ആവേശ് ഖാനും അച്ചടക്കം ലംഘിച്ചതായി കണ്ടെത്തി. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് ഡൽഹി ഡയർ ഡെവിൾസിനെതിരെ നടന്ന മത്സരത്തിലാണ് ഇരുവരും വ്യത്യസ്ത ഘട്ടങ്ങളിൽ അച്ചടക്ക ലംഘനം നടത്തിയത്.

ഇരുവർക്കും കർശനമായ താക്കീതാണ് നൽകിയിരിക്കുന്നത്. സമാനമായ പെരുമാറ്റം ഇനി ആവർത്തിച്ചാൽ മത്സരത്തിൽ നിന്ന് വിലക്കടക്കമുളള ശിക്ഷയും പിഴയും ലഭിച്ചേക്കും. ഐപിഎൽ പെരുമാറ്റ ചട്ടത്തിലെ 2.1.7 ൽ പരാമർശിക്കുന്ന ലെവൽ 1 കുറ്റമാണ് ഇരുവരും ചെയ്തത്.

താരങ്ങളും ടീം ഒഫീഷ്യൽസും കുറ്റമേറ്റു. ഈ കുറ്റം അനുസരിച്ച് റഫറി നിശ്ചയിക്കുന്നതാവും ശിക്ഷ. റഫറി താക്കീത് നൽകി പ്രശ്നം ഒഴിവാക്കിയതോടെ താരങ്ങൾ രക്ഷപ്പെട്ടെങ്കിലും ഇനിയും ആവേശം കൂടിയാൽ ഇരുവർക്കും കനത്ത ശിക്ഷ ലഭിച്ചേക്കും.

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 219 റൺസ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം 164 ൽ അവസാനിച്ചു. ശിവം മവിയുടെ അവസാന ഓവറിൽ മാത്രം ഡൽഹി താരങ്ങൾ 29 റൺസ് അടിച്ചെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ