ഹോം ഗ്രൗണ്ടില്‍ വച്ച് ഇന്ന് ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതായ സണ്ററൈസേഴ്സ് ഹൈദരാബാദ്. കളിയുടെ തിരക്കില്‍ ആണെങ്കിലും മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മറക്കുന്നില്ല ടീമംഗമായ ശിഖര്‍ ധവാന്. മെയ് 5 നു പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ അലിയയ്ക്ക് ട്വിറ്ററില്‍ മനോഹരമായ ഒരു ഫോട്ടോ വീഡിയോ ആണ് ഈ ഇടങ്കയ്യന്‍ ബാറ്റ്സ്മാന് പോസ്റ്റ് ചെയ്തിരിക്കുന്നത്.
“എന്റെ കുഞ്ഞു മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീ നല്ല ഒരു കുട്ടിയാണ്, ഞങ്ങള്‍ നിന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. നിന്റെ പിറന്നാള്‍ ഒരുമിച്ചു ആഘോഷിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്, പക്ഷേ എന്റെ മനസ് എപ്പോഴും നിന്റെ കൂടെയുണ്ടാകും. നല്ലൊരു ദിവസം ആശംസിക്കുന്നു. നിന്നോടുള്ള ഒരുപാട് സ്നേഹത്തോടെ” എന്ന് പറഞ്ഞിരിക്കുന്ന ഒരു മിനിറ്റ് വീഡിയോയില്‍ അലിയയുടെ ഫോട്ടോയോടൊപ്പം ഭാര്യ അയേഷ മുഖര്‍ജിയുടെയും മക്കളായ റിയയുടെയും, സൊരാവറിന്റെയും ഫോട്ടോയുമുണ്ട്.
Happy birthday my angel Aliyah. You are a great soul and we are always proud of you. Have a great day! Sad we are not able to celebrate it together. But our heart is alwys there with u. Love u lots. pic.twitter.com/6Y798g3tyc
— Shikhar Dhawan (@SDhawan25) May 5, 2018
നല്ല ഫോമില്‍ സീസണ് ആരംഭിച്ച ധവാനു മൊഹാലിയില്‍ വച്ച് കിങ്സ് ഇലവന് പഞ്ചാബിനോടുള്ള കളിയ്ക്കിടെ പരുക്ക് സംഭവിച്ചിരുന്നു. “പരുക്കുമൂലം ചെറിയ ഒരു നീര് ഉണ്ടായെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്” ധവാന്റെ പരുക്കിനെ കുറിച്ച് വി.വി.എസ്.ലക്ഷ്മണ് പറഞ്ഞു.
“എന്റെ പരുക്ക് കുറയട്ടെ എന്ന് ആശംസിച്ച് മെസേജ് അയക്കുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി. പരുക്ക് ഭേദമായി ഞാന്‍ എത്രയും വേഗം തിരിച്ചെത്തും. അതുവരെ ഐപിഎല്‍ ആസ്വദിക്കൂ” ഇതായിരുന്നു ട്വിറ്ററിലൂടെ ശിഖര്‍ ധവാന് ആരാധകരോട് പറഞ്ഞത്.
“പരുക്ക് കുറച്ചു വലുതായിരുന്നെങ്കിലും പൊട്ടല്‍ ഇല്ലാതിരുന്നത് ആശ്വാസമാണ് .നിങ്ങളെ എത്രയും വേഗം കാണാന്‍ സാധിക്കുമെന്നും നല്ല രീതിയില്‍ കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കളിക്കാരെന്ന നിലയില്‍ പരുക്കുകള്‍ ഞങ്ങള്‍ക്ക് സര്‍വ സാധാരണമാണ്, വേഗം തിരിച്ചു വരാന്‍ സാധിക്കുമെന്നതില്‍ സന്തോഷമുണ്ട്” ധവാൻ പറഞ്ഞു.
മെയ് 5 നുള്ള കളിയ്ക്ക് മുന്‍പ് തന്നെ സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ചെന്നൈ ഇന്ന് വൈകിട്ട് ബെംഗളൂരുവിനെ നേരിടും.