ജയ്‌പൂർ: രാജസ്ഥാൻ റോയൽസിന് വീണ്ടും ഐപിഎൽ കിരീടം നേടിക്കൊടുക്കാൻ ഇതിഹാസ താരം തിരിച്ചെത്തി. പ്രഥമ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ ഷെയ്ൻ വോണാണ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഐപിഎല്ലിന്റെ പതിനൊന്നാം സീസണിൽ രാജസ്ഥാന്റെ മുഖ്യഉപദേശകനായാണ് വോൺ എത്തുന്നത്.

ട്വിറ്ററിലൂടെ ഷെയ്ന്‍ വോണ്‍ ഇക്കാര്യം പ്രഖ്യാപിച്ചു. ഐപിഎല്‍ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടിക്കൊടുത്തതിന്റെ ആണിക്കല്ല് ഓസിസ് സ്‌പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണായിരുന്നു. കിരീടം നേടാൻ ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന റോയൽസിന്റെ സ്വപ്നകുതിപ്പിന് ചുക്കാൻ പിടിച്ച ഷെയ്ൻ വോണിന്റെ നേതൃപാടവത്തെ ക്രിക്കറ്റ് ലോകം അംഗീകരിച്ചതാണ്.

ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ 2011 വരെ രാജസ്ഥാന്‍ റോയൽസിന്റെ കുപ്പായത്തിൽ വോൺ കളിച്ചിരുന്നു. രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാൻ റോയൽസ് ഇത്തവണ പ്രമുഖ താരങ്ങളെയാണ് അണിനിരത്തുന്നത്. ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ താരം അജിങ്ക്യ രഹാനെ, ട്വന്റി-20 സ്‌പെഷലിസ്റ്റ് ജയദേവ് ഉനാദ്കഡ്, സഞ്ജു സാംസൺ തുടങ്ങിയ താരനിരയാണ് രാജസ്ഥാന്റെ ഇത്തവണത്തെ കരുത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ