ഐപിഎൽ താരലേലം നടക്കുന്നതിനിടെ സമ്മർദ്ദം താങ്ങാനാകാതെ താൻ കുളിമുറിയിലേക്ക് പോയതായി അണ്ടർ 19 ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 3.2 കോടിക്ക് സ്വന്തമാക്കിയ കമലേഷ് നാഗർകൊട്ടിയാണ് ലേലസമയത്തെ തന്റെ മനോനില വെളിപ്പെടുത്തിയത്.

“ആ സമയത്ത് ഞാനൽപ്പം മാനസികമായി തളർന്നിരിക്കുകയായിരുന്നു. അതിനാൽ തന്നെ ടിവിയൊന്നും നോക്കിയിരുന്നില്ല. ടീമംഗങ്ങൾ എന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചു. ഞാൻ എടുത്തില്ല. എന്റെ മുറിയിലുണ്ടായിരുന്ന പങ്കജ് യാദവ് ടിവി ഓൺ ചെയ്തപ്പോൾ ഞാൻ കുളിമുറിയിലേക്ക് പോയി”, ലോകകപ്പിനായി ന്യൂസിലൻഡിലുളള താരം വെളിപ്പെടുത്തി.

“ലേലത്തിന് തൊട്ട് മുൻപ് ബിഗ് ബാഷ് ലീഗിൽ ക്രിസ് ലിൻ ബാറ്റ് ചെയ്യുന്നതാണ് ഞാൻ കണ്ടത്. നിമിഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന് നെറ്റ്സിൽ ബോൾ എറിയാനുളള അവസരം ആണ് എനിക്ക് കിട്ടുന്നത്. വളരെയേറെ സന്തോഷം തോന്നുന്നുണ്ട്”, കമലേഷ് നാഗർകൊട്ടി പ്രതികരിച്ചു.

ലേലത്തിൽ ഉയർന്ന വില ലഭിച്ച ഉടൻ തന്നെ നാഗർകൊട്ടിയെ മാതാപിതാക്കളെ വിളിച്ചു. “ഈ സമയത്ത് വീട്ടിൽ ടിവി ചാനലുകളും മറ്റും നിറഞ്ഞിരിക്കുകയായിരുന്നു. കുറേ കഴിഞ്ഞപ്പോൾ ഇവരുടെ അഭിമുഖത്തിന്റെ വീഡിയോ ഒക്കെ ഫെയ്സ്ബുക്കിൽ കണ്ടു. സുഹൃത്തുക്കളാണ് ഇത് ഷെയർ ചെയ്തത്. ഒരൊറ്റ തവണയാണ് സ്റ്റേഡിയത്തിൽ പോയി ഐപിഎൽ മൽസരം കണ്ടത്. ഇപ്പോൾ ഐപിഎല്ലിൽ കളിക്കാൻ അവസരം കിട്ടുമ്പോൾ അതിയായ സന്തോഷമുണ്ട്”, നാഗർകൊട്ടി പ്രതികരിച്ചു.

അണ്ടർ 19 ലോകകപ്പിനുളള ഇന്ത്യൻ ടീമിന്റെ ബോളിങ് സംഘത്തിലെ പ്രധാന ആയുധമാണ് കമലേഷ് നാഗർകൊട്ടി. 149 കിലോമീറ്റർ വരെ ലോകകപ്പിൽ പന്തെറിഞ്ഞ നാഗർകൊട്ടിയുടെ ശരാശരി വേഗത 145 ആണ്. തുടർച്ചയായി യോർക്കറുകൾ എറിയാനുളള കഴിവാണ് താരത്തെ പ്രശസ്തനാക്കിയത്. നാഗർകൊട്ടിയുടെ ബോളിങ് കണ്ട ഉടൻ തന്നെ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി താരത്തെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് കമലേഷ് നാഗർകൊട്ടിക്ക് അവസരം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ