ജയ്‌പൂർ: ഐപിഎല്ലിൽ വീണ്ടും സൺറൈസേഴ്‌സിന് ബോളർമാരുടെ മികവിൽ വിജയം. രാജസ്ഥാനെതിരെ 11 റൺസിനാണ് ഹൈദരാബാദ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് കുറിച്ച 152 റൺസ് വിജയലക്ഷ്യം താണ്ടാൻ രാജസ്ഥാനായില്ല. നിശ്ചിത 20 ഓവറിൽ 140 റൺസ് എടുക്കാനേ റോയൽസിന് കഴിഞ്ഞുളളൂ.

തുടക്കത്തിൽ കൂട്ടുകെട്ടുണ്ടാക്കാൻ വേണ്ടിയാണ് രാജസ്ഥാൻ റോയൽസിന്റെ താരങ്ങൾ ശ്രമിച്ചത്. ഇതേ തുടർന്ന് ആക്രമണം മറന്നായിരുന്നു അവരുടെ ബാറ്റിംഗ്. നന്നായി ബോൾ ചെയ്ത ഹൈദരാബാദിന്റെ താരങ്ങൾക്ക് ഇതേ സമയം മികവുണ്ടാക്കാനും സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 43 പന്തിൽ 63 റൺസ് നേടി. ഓപ്പണർ അലക്സ് ഹെയ്ൽസും (39 പന്തിൽ 43) മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിരയിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 53 പന്തിൽ 63 റൺസ് നേടി പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസൺ 30 പന്തിൽ 40 റൺസ് നേടി പുറത്തായി.

രാജസ്ഥാനെതിരെ പന്തെറിഞ്ഞ സന്ദീപ് ശർമ്മ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മലയാളി താരം ബേസിൽ തമ്പിയ്ക്ക് തിളങ്ങാനായില്ല. ഇദ്ദേഹത്തിന്റെ ആദ്യ ഓവറിൽ 17 റൺസ് അടിച്ചുകൂട്ടിയത് മറ്റൊരു മലയാളി താരമായ സഞ്ജു സാംസണായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook