ജയ്‌പൂർ: ഐപിഎല്ലിലെ മരണക്കളിയിൽ ബെംഗലുരുവിനെതിരെ വിജയം നേടിയ രാജസ്ഥാന് തുണയായത് ശ്രേയസ് ഗോപാൽ-ഹെൻറിച്ച് ക്ലാസൻ സഖ്യം. ബെംഗലുരു റോയൽ ചലഞ്ചേർസിന്റെ മുൻനിര താരങ്ങളിൽ മൂന്ന് പേരെ ശ്രേയസ് ഗോപാലിന്റെ പന്തിൽ ഹെൻറിച്ച് ക്ലാസൻ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

തിരിച്ച് വരാനാകാത്ത വിധം ബെംഗലുരുവിനെ സമ്മർദ്ദത്തിലാക്കിയതും ഈ സഖ്യത്തിന്റെ പ്രകടനമാണ്. തുടക്കത്തിൽ കൃഷ്ണപ്പ ഗൗതം ഏറ്റവും അപകടകാരിയായ ബെംഗലുരു ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ക്ലീൻ ബൗഡ് ചെയ്തിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ പാർത്ഥിവ് പട്ടേലിന് കൂട്ടായി ഡിവില്ലിയേഴ്‌സ് ഇറങ്ങിയതോടെ കളി മാറി. രണ്ടാം വിക്കറ്റിൽ 55 റൺസ് കൂട്ടിച്ചേർത്ത് മുന്നേറിയ റോയൽ ചലഞ്ചേർസിനെ സമ്മർദ്ദത്തിലാക്കിയത് ശ്രേയസ് ഗോപാലും ഹെൻറിച്ച് ക്ലാസനും ചേർന്നായിരുന്നു.

ക്ലാസനാണ് ഇത്തവണ റോയൽസിന്റെ വിക്കറ്റ് കീപ്പറായത്. ശ്രേയസ് ഗോപാൽ 9ാം ഓവറായിരുന്നു നിർണ്ണായകമായത്. ഈ ഓവറിലെ മൂന്നാം പന്തിൽ പാർത്ഥിവ് പട്ടേലിനെ ഹെൻറിച്ച് ക്ലാസൻ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതേ ഓവറിൽ അവസാന പന്തിൽ മൊയിൻ അലി ശ്രേയസ് ഗോപാലിന് തന്നെ ക്യാച്ച് നൽകി പവലിയനിലേക്ക് മടങ്ങി.

പതിനൊന്നാം ഓവർ എറിയാനെത്തിയ ശ്രേയസ് ഗോപാലിനെ മൻദീപ് സിംഗ് സൂക്ഷിച്ചാണ് ബാറ്റ് വീശിയതെങ്കിലും മൂന്നാം പന്തിൽ ഹെൻറിച്ച് ക്ലാസൻ ഇദ്ദേഹത്തെയും സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നീട് വീണത് ഗ്രാന്റ്ഹോമിന്റെ വിക്കറ്റാണ്. ഇഷ് സോധിയുടെ പന്തിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് അദ്ദേഹത്തെ പുറത്താക്കിയത്.

ഈ വിക്കറ്റുകളെല്ലാം വീണപ്പോഴും അർദ്ധസെഞ്ച്വറി നേടി ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ഡിവില്ലിയേഴ്‌സ് രാജസ്ഥാന് തലവേദനയായിരുന്നു. എന്നാൽ തന്റെ മൂന്നാം ഓവറിലെ നാലാം പന്തിൽ ഡിവില്ലിയേഴ്സിനെയും ശ്രേയസ് ഗോപാൽ പുറത്താക്കി. ഇതും ഹെൻറിച്ച് ക്ലാസന്റെ ചടുലമായ സ്റ്റംപിങ്ങിലൂടെയായിരുന്നു. ഇതിനോടകം മുൻനിര ബാറ്റ്സ്‌മാന്മാരെയെല്ലാം നഷ്ടമായ ബെംഗലുരു പിന്നീട് അധികം പൊരുതാൻ നിൽക്കാതെ ബാറ്റ് വച്ച് കീഴടങ്ങി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 164 റൺസാണ് നേടിയത്. രാഹുൽ ത്രിപദിയുടെ 80 റൺസായിരുന്നു അവർക്ക് നേട്ടമായത്. മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേർസിന്റെ ഇന്നിംഗ്‌സ് 134 ൽ അവസാനിച്ചു. 19.3 ഓവറിൽ ബെംഗലുരുവിന്റെ എല്ലാ താരങ്ങളും കൂടാരം കയറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ