ഐപിഎല്ലില്‍ മനോഹര ക്യച്ചുമായി സഞ്ജു സാംസണും കൃഷ്ണപ്പ ഗൗതവും. റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു ഇരുവരുടേയും ടീം വര്‍ക്കില്‍ ആര്‍സിബി താരം മുഹമ്മദ് സിറാജ് പുറത്തായത്. വാലറ്റ് പൊരുതി നോക്കിയ മുഹമ്മദ് സിറാജ് ഉനദ്കട്ടിന്റെ പന്തിലാണ് പുറത്തായത്.

വായുവില്‍ ഉയരത്തില്‍ പൊന്തിയ പന്ത് ലക്ഷ്യമാക്കി സഞ്ജു ഡൈവ് ചെയ്യുകയായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ കണക്കു കൂട്ടല്‍ പിഴച്ചു. പന്ത് കൈയ്യില്‍ തട്ടി തെറിച്ചു. ഓടിയെത്തിയ കൃഷ്ണപ്പ ഗൗതം അതിവേഗം ചാടി മറിഞ്ഞു കൊണ്ട് പന്ത് പിടിയിലൊതുക്കുകയായിരുന്നു.

അതേസമയം, നായകന്‍ വിരാട് കോഹ്ലിയുടേയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്‌സിന്റേയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ വെറുതെയായി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് രാജസ്ഥാ്ന്‍ റോയല്‍സിനതിരെ പരാജയം. അര്‍ധ സെഞ്ച്വറിയുമായി ഡിവില്യേഴ്‌സ് ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും റണ്‍സകലെ ബംഗളൂരു വീഴുകയായിരുന്നു.

വിരാടിനും ഡിവില്യേഴ്‌സിനും ശേഷം വന്നവരില്‍ സൗത്തി മാത്രമാണ് രണ്ടക്കം കണ്ടത്. ഇതാണ് തിരിച്ചടിയായത്. വിരാട് 33 റണ്‍സും ഡിവില്യേഴ്‌സ് 53 റണ്‍സും നേടി. നാല് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ആര്‍സിബിയുടെ നട്ടെല്ലൊടിച്ചത്.

ഐപിഎല്ലിലെ മരണക്കളിയില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മലയാളി താരവും ഐപിഎല്ലിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളുമായ സഞ്ജു സാംസണ്‍ പുറത്തായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ രാഹുല്‍ ത്രിപദി സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശിയത് രാജസ്ഥാന് കരുത്തായി.

നിശ്ചിത 20 ഓവറില്‍ 164 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. രാഹുല്‍ ത്രിപദി 58 പന്തില്‍ 80 റണ്‍സെടുത്തു. മികച്ച രീതിയിലാണ് ബെംഗലുരുവിന്റെ ബോളര്‍മാര്‍ പന്തെറിഞ്ഞത്. നേരിട്ട നാലാം പന്തില്‍ തന്നെ ജോഫ്ര ആര്‍ച്ചറെ ബെംഗലുരു മടക്കി. സംപൂജ്യനായാണ് ഇദ്ദേഹവും മടങ്ങിയത്.

മൂന്നാമനായി ക്രീസിലെത്തി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് രാഹുല്‍ ത്രിപദിക്ക് കൂട്ടായത്. 31 പന്തില്‍ 33 റണ്‍സ് നേടിയ രഹാനെയെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കി.

പിന്നാലെ ക്രീസിലെത്തിയ സഞ്ജുവിനെ ഉമേഷ് യാദവ് ആദ്യ പന്തില്‍ തന്നെ മൊയീന്‍ അലിയുടെ കൈകളിലെത്തിച്ചു.

ഹെന്റിച്ച് ക്ലാസന്‍ ആക്രമിച്ച് കളിച്ചെങ്കിലും 21 പന്തില്‍ 32 റണ്‍സെടുക്കാനെ അദ്ദേഹത്തിനും സാധിച്ചുളളൂ. കൃഷ്ണപ്പ ഗൗതം അഞ്ച് പന്തില്‍ 14 റണ്‍സെടുത്തെങ്കിലും അവസാന പന്തില്‍ റണ്ണൗട്ടായി. അതേസമയം, തോല്‍വിയോടെ ബെംഗളൂരു പ്ലേ ഓഫ് കാണാതെ പുറത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ